മംഗളം 11.1.10
ഇരുപക്ഷവും പ്രതീക്ഷയില്‍
പെരുമ്പാവൂറ്‍: നഗരസഭ വൈസ് ചെയര്മാന് സ്ഥാനത്തേയ്ക്കുള്ള ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ 19-ന് ഇ.എസ് സുഗുണന് അവിശ്വാസപ്രമേയ വോട്ടെടുപ്പിലൂടെ പുറത്തായതിനെ തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരുപക്ഷവും വിജയപ്രതീക്ഷയിലാണ്.
അതേസമയം അധികാരത്തിനു വേണ്ടിയുള്ള നേതാക്കളുടെ വടംവലി മൂലവും രാഷ്ട്രീയ നിലപാടില്ലായ്മ മൂലവും തെരഞ്ഞെടുപ്പ് സങ്കീര്‍ണമായിരിയ്ക്കുകയാണ്. ഇരുപത്തിനാലംഗ കൌണ്സിലില് യു ഡി എഫിന് പന്ത്രണ്ട് സീറ്റുകളാണ് ഉള്ളത്. എല്‍.ഡി.എഫിന് പത്തു സീറ്റുണ്ട്. ഇതില്‍ രണ്ടെണ്ണം സി പി ഐയുടേതാണ്. ഇതിനു പുറമെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച ഇ എസ് സുഗുണനും പി ഡി പിയുടെ പി ഇ നസീറുമുണ്ട്. മുന്നണിയ്ക്കതീതമായി ഇരുപക്ഷത്തേയും വോട്ടുകള്‍ വഴിമാറുമെന്നാണ് ഇരു മുന്നണികളുടേയും പ്രതീക്ഷ.
യു.ഡി.എഫിലെ ബാബു ജോണ്‍, സി.കെ അബ്ദുള്ള എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് വൈസ്ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് കണ്ണുവച്ചിട്ടുള്ളത്. ഒപ്പം മുസ്ളിം ലീഗിണ്റ്റെ എസ് ഷറഫും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ ഇവരെയൊക്കെ ഒഴിവാക്കി പ്രേജി പട്ടേല്‍ എന്ന പൊതുസമ്മതനെ രംഗത്തു കൊണ്ടുവരാനാണ് നേതൃത്വത്തിണ്റ്റെ ശ്രമം.ഇന്നലെ രാത്രി വളരെ വൈകിയും ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗം അവസാനിച്ചിരുന്നില്ല. സി പി എം, ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച രാജശ്രി പ്രേംകുമാറിനെ മത്സരിപ്പിയ്ക്കുമെന്നാണ് അറിയുന്നത്.
അതിന് പ്രധാന ഘടക കക്ഷിയായ സി പി ഐ യുടെ പിന്തുണ കിട്ടുമോ എന്ന് കണ്ടറിയണം. കാരണം, സ്വന്തം വൈസ് ചെയര്‍മാനെതിരെ യു ഡി എഫ് അവിശ്വാസം കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷത്തിലെ മുഖ്യ കക്ഷിയായ സി പി എം പിന്തുണ നല്‍കാതെ വിട്ടു നില്‍ക്കുകയാണ് ചെയ്തത്. അതേസമയം പ്രധാന ഘടക കക്ഷിയായ സി പി ഐ പിന്തുണ നല്കി. സി.പി.ഐ കൂടി വിട്ടു നിന്നാല്‍ സുഗുണനെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെടുമായിരുന്നു. എന്നാല്‍ സുഗുണനെ പുറത്താക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും ഉപയോഗിക്കും എന്നതായിരുന്നു സി.പി.ഐ നിലപാട്. ഇരുപത്തിനാല് അംഗ കൌണ്സിലില് ഇ.എസ് സുഗുണനെതിരെ ൧൪ വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 12വോട്ടുകളും സുഗുണന് ഈ സ്ഥാനം നല്കിയ യു.ഡി.എഫില്‍ നിന്നായിരുന്നു. പ്രതിപക്ഷത്തിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ യുടെ രണ്ടു കൌണ്‍സിലര്‍മാരും സുഗുണനെതിരായി വോട്ടുചെയ്തപ്പോള്‍ പി.ഡി.പി അംഗം പി.ഇ നസീര്‍ സി പി എമ്മിനൊപ്പം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
അതേ സമയം സി.പി.ഐയുടെ ജയ അരുണ്‍ കുമാറിന് വൈസ് ചെയര്മാന് സ്ഥാനം ഉറപ്പിയ്ക്കാന്‍ നടക്കുന്ന നാടകത്തിണ്റ്റെ ഭാഗമാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ നോമിനേഷന് സമര്‍പ്പിയ്ക്കാന്‍ പോലും കഴിയാത്ത ഗതികേടിലാണ് സി പി ഐ. മത്സരിയ്ക്കാന്‍ സ്ഥാനാര്‍ത്ഥിയും പേരു നിര്‍ദ്ദേശിയ്ക്കാനും പിന്താങ്ങാനും രണ്ടു പേരും ഉണ്ടെങ്കിലേ നോമിനേഷന് നടക്കൂ. സി പി ഐയുടെ കൌണ്‍സിലിലെ അംഗബലമാകട്ടെ കേവലം രണ്ടാണ്.
എന്നാല്‍ സുഗുണനെതിരെ അവിശ്വാസം കൊണ്ടുവന്നപ്പോള്‍, അതില്‍ നിന്ന് വിട്ടുനിന്ന സി പി എമ്മിന് ഈ സ്ഥാനത്തേയ്ക്ക് ഒരാളെ നിര്‍ത്താന്‍ ധാര്‍മ്മിക അവകാശമുണ്ടോ എന്ന് ചോദിയ്ക്കുന്നവരുണ്ട്. സി പി ഐ ഈ നിലപാടിലാണെന്ന് അറിയുന്നു. സി പി ഐ ഇന്ന് രാവിലെയാണ് മണ്ഡലം സെക്രട്ടറിയേറ്റ് യോഗം കൂടി തീരുമാനമെടുക്കുകയൊള്ളു. ഈ തീരുമാനം നിര്‍ണ്ണായകമാവുകയും ചെയ്യും. മുന്നണി വളയം ഭേദിച്ചുള്ള കളിയ്ക്ക് സി പി ഐ തയ്യാറാവില്ലെന്നാണ് സി പി എം കണക്കുകൂട്ടല്‍.
പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാലും പത്ത് വോട്ടുകളാണ് ലഭിയ്ക്കുക. അപ്പോള്‍ പി ഡി പി വോട്ട് വേണ്ടി വരും. അത് സ്വീകരിയ്ക്കുക വഴിയുണ്ടാവുന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് പ്രമുഖ നേതാക്കള്‍ ഈ സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കാതെ, രാജശ്രിയെ രംഗത്തിറക്കുന്നതെന്നറിയുന്നു. എന്തായാലും പതിനൊന്ന് വോട്ടിനപ്പുറം എല്‍.ഡി എഫിന് ലഭിയ്ക്കില്ല. ഇവിടെയാണ് യു ഡി എഫിലെ റിബലുകളുടെ സഹായം എല്‍.ഡി എഫ് പ്രതീക്ഷിയ്ക്കുന്നത്.
പുറത്തായ സുഗുണന് എല്‍.ഡി എഫിന് അനുകൂലമായി വോട്ടുചെയ്താല്‍ വോട്ടിങ്ങ് നില സമാസമമാകും. എന്നാല്‍ താന്‍ ഗ്യാലറിയിലിരുന്ന് കളികാണാനാണ് തീരുമാനമെന്ന് ഇ എസ് സുഗുണന് മംഗളത്തോടു പറഞ്ഞു.
No comments:
Post a Comment