Friday, January 1, 2010

സന്ധ്യയുടെ മരണം: സാന്‍ജോ ആശുപത്രിയ്ക്കെതിരെ പുനരന്വേഷണം വേണമെന്ന്‌ കോടതി



മംഗളം (01.01.2010)

പെരുമ്പാവൂറ്‍: കുത്തിവയ്പിനെ തുടര്‍ന്ന്‌ യുവതി മരിച്ച സംഭവത്തില്‍ സാന്‍ജോ ആശുപത്രിയ്ക്കെതിരെ പുനരന്വേഷണം വേണമെന്ന്‌ കോടതി. അറയ്ക്കപ്പടി വെങ്ങോല മംഗലത്ത്‌ വീട്ടില്‍ സുരേഷിണ്റ്റെ ഭാര്യ സന്ധ്യയുടെ മരണം സംബന്ധിച്ച്‌ അന്വേഷിച്ച ലോക്കല്‍ പോലീസ്‌ കുറ്റകരമായ വീഴ്ച വരുത്തിയെന്നും പെരുമ്പാവൂറ്‍ ഒന്നാം ക്ളാസ്സ്‌ മജിസ്ട്രേറ്റ്‌ കോടതി നിരീക്ഷിച്ചു. 2008 നവംബര്‍ 15-നാണ്‌ സംഭവം. സുരേഷിണ്റ്റെ ജേഷ്ഠണ്റ്റെ ഭാര്യ മകളെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നതിനൊപ്പമാണ്‌ സന്ധ്യയും രാവിലെ പതിനൊന്നിന്‌ സാന്‍ജോയിലെത്തിയത്‌. ആശുപത്രിയിലെത്തിയപ്പോള്‍ ചെറിയ പനിയുണ്ടെന്നു തോന്നി. ഡ്യൂട്ടി ഡോക്ടറെ കണ്ടു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നല്‍കിയ കുത്തിവയ്പിനെ തുടര്‍ന്ന്‌ സന്ധ്യ അസ്വസ്ഥതകള്‍ കാട്ടുകയും തളര്‍ന്നു വീഴുകയും ചെയ്തു. ഇതേ തുടര്‍ന്ന്‌ സന്ധ്യയെ ഐ.സി.യു വിലേക്ക്‌ മാറ്റി. സംഭവമറിഞ്ഞ്‌ എത്തിയ ഭര്‍ത്താവിനു പോലും സന്ധ്യയെ കാണാന്‍ ആശുപത്രി അധികൃതര്‍ അനുവാദം നല്‍കിയില്ല. ഇതേ തുടര്‍ന്ന പ്രദേശവാസിയായ ഒരു ഡോക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ്‌ പുലര്‍ച്ചെ 2 മണിയോടെ യുവതിയെ എറണാകുളത്തെ മറ്റൊരു ആശുപത്രിയിലേക്ക്‌ മാറ്റാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചത്‌. എന്നാല്‍ അധികം വൈകാതെ തന്നെ സന്ധ്യ മരിക്കുകയും ചെയ്തു. യുവതിയുടെ മരണത്തെ തുടര്‍ന്ന്‌ നാട്ടുകാര്‍ സാന്‍ജോ ആശുപത്രി തല്ലി തകര്‍ത്തിരുന്നു. ആശുപത്രിയുടെ ആംബുലന്‍സും നശിപ്പിച്ചു. ഇത്രമേല്‍ വിവാദമായിട്ടും ആശുപത്രിക്കെതിരെയുള്ള അന്വേഷണം എങ്ങും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ പോലീസിണ്റ്റെ നടപടികളില്‍ സംശയമുണ്ടെന്ന്‌ കാട്ടി സുരേഷ്‌ കോടതിയെ സമീപിച്ചത്‌. സന്ധ്യയെ ചികിത്സിച്ച ഡോക്ടര്‍ ആരാണെന്നോ കുത്തിവച്ച നഴ്സ്‌ ആരാണെന്നോ കണ്ടെത്താന്‍പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. സന്ധ്യയ്ക്ക്‌ കുത്തിവയ്പ്പിന്‌ ഉപയോഗിച്ച മരുന്ന്‌ ഏതാണ്‌ എന്നും കണ്ടെത്തിയിട്ടില്ല. ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും ഇതു സംബന്ധിച്ച യാതൊരു രേഖകളും ആശുപത്രിയില്‍ നിന്ന്‌ അന്വോഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാത്തതില്‍ കോടതി അത്ഭുതപ്പെട്ടു. അതിനാല്‍ തന്നെ ഈ കേസില്‍ പുനരന്വേഷണം വേണമെന്ന്‌ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ വി.ജി ശ്രീദേവി ഉത്തരവിട്ടിരിക്കുകയാണ്‌. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഉത്തരരവിലുണ്ട്‌. സംഭവം നടന്ന കാലയളവില്‍ തന്നെ ലോക്കല്‍ പോലീസ്‌ കേസൊതുക്കിയെന്ന നാട്ടുകാരുടെ ആരോപണങ്ങള്‍ക്ക്‌ കോടതി ഉത്തരവോടെ അടിസ്ഥാനമുണ്ടായിരിക്കുകയാണ്‌. അന്ന്‌ അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിച്ച ഡി.വൈ.എസ്‌.പി ബെന്നി തോമസും പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളും ആശുപത്രി അധികൃതരെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

No comments: