മുന്നൂറു മീറ്ററിനുള്ളില്‍ മൂന്നുപാലങ്ങള്‍
പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പെരിയാര്‍ വാലി മെയിന്‍ കനാലിന് കുറുകെ പുതിയ രണ്ടു പാലങ്ങള്‍
നിര്‍മ്മിയ്ക്കാനുള്ള നീക്കം വിവാദത്തിലേയ്ക്ക്.
മെയിന്‍ കനാല്‍ പതിനഞ്ചാം
കിലോമീറ്ററിലും 14.75 കിലോമീറ്ററിലുമായി തൊട്ടുചേര്‍ന്ന് രണ്ട് പാലങ്ങള്‍
നിര്‍മ്മിക്കുന്നതിനെതിരെയാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. പതിനഞ്ചാം
കിലോമീറ്ററില്‍ പാലം നിര്‍മ്മിയ്ക്കാന്‍ 23 ലക്ഷം രൂപയും14.75 ാം കിലോമീറ്ററില്‍
പാലം നിര്‍മ്മാണത്തിന് പതിനഞ്ച് ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഇതേ
തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാലങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിലാണ് എതിര്‍പ്പുമായി നാട്ടുകാരില്‍ ചിലര്‍ രംഗത്തു
വന്നിരിയ്ക്കുന്നത്. പാലം നിര്‍മ്മാണത്തിനെതിരെ ഇവര്‍ ഹൈക്കോടതിയെ
സമീപിച്ചിരിയ്ക്കുകയാണ്.
പതിനഞ്ചാം കിലോമീറ്ററില്‍ ഉണ്ടായിരുന്ന പാലം 2009 ഒക്ടോബറിലാണ് തകര്‍ന്നത്. മുപ്പതു വര്‍ഷം പഴക്കമുള്ള ഈ പാലത്തിന് പകരമാണ്
പുതിയത് നിര്‍മ്മിയ്ക്കുന്നത്. നൂറ്റിപ്പതിനെട്ടോളം കുടുംബങ്ങള്‍ക്ക്
ഉപകാരപ്പെടുന്ന പാലം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ഒരു
വിഭാഗത്തിണ്റ്റെ ആവശ്യം. ഓടയ്ക്കാലി, പറപ്പടി കനാല്‍ബണ്ട് റോഡ് സന്ധിയ്ക്കുന്ന
സ്ഥലത്താണ് പാലം. ഓടയ്ക്കാലി പുളിയാംമ്പിള്ളി-കോളനി റോഡും ഇതിനു സമീപത്തായി വന്നു
ചേരുന്നു. ഓടയ്ക്കാലിയില്‍ നിന്ന് പനിച്ചയം ദേവീക്ഷേത്രത്തിലേയ്ക്കും അശമന്നൂറ്‍
ശ്രീകൃഷ്ണ ക്ഷേത്രത്തിലേയ്ക്കും പോകാനുള്ള എളുപ്പവഴിയാണ് ഈ പാലം.
കൃഷിക്കാര്‍
കാര്‍ഷിക ഉല്‍പന്നങ്ങളും വളങ്ങളും കൊണ്ടുപോകാനും ഓടയ്ക്കാലി, അശമന്നൂറ്‍
സ്കൂളുകളിലേയ്ക്കുള്ള കുട്ടികള്‍ക്ക് സഞ്ചരിയ്ക്കാനും ഈ പാലം
അത്യന്താപേക്ഷിതമാണ്. ഇരു കരകളേയും ബന്ധിപ്പിച്ചുള്ള ജലവിതരണ പൈപ്പ് ലൈന്‍,
ടെലഫോണ്‍ കേബിള്‍ തുടങ്ങിയവ കടത്തിവിടുന്നതും ഈ പാലത്തിലൂടെയാണ്. എന്നാല്‍ 14.75 കിലോമീറ്ററിലും പുതിയ പാലം വരുന്നുണ്ട്. റേഷന്‍ കട, ആയൂര്‍വേദ ആശുപത്രി തുടങ്ങിയ
ഇടങ്ങളിലേയ്ക്ക് പോകാന്‍ ഇവിടെ പാലമുണ്ടാക്കുന്നത് വഴി കഴിയും. നിലവിലുള്ള വീതി
കുറഞ്ഞ സൂപ്പര്‍ പാസ് കാല്‍നടയാത്രയ്ക്ക് മാത്രമാണ് ഉതകുന്നത്. ഇതാവട്ടെ
എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന നിലയിലുമാണ്. അതിനാല്‍, ഇവിടെയാണ്
പാലത്തിണ്റ്റെ യഥാര്‍ത്ഥ ആവശ്യമെന്ന് മറു വിഭാഗം പറയുന്നു.
ഇവിടെ പുതിയ പാലത്തിന്
കേവലം 15 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ പൊതുജനങ്ങള്‍ക്ക് യാതൊരു ഉപകാരവുമില്ലാത്ത
പതിനഞ്ചാം കിലോമീറ്ററിലെ പാലത്തിന് എട്ടര ലക്ഷംരൂപ കൂടുതല്‍
അനുവദിച്ചിരിയ്ക്കുകയാണ്. ഇവിടെ പുതിയ പാലത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും
പണം ധൂര്‍ത്തടിയ്ക്കുക എന്നതു മാത്രമാണ്‍് ഈ പാലത്തിണ്റ്റെ
നിര്‍മ്മാണോദ്ദേശമെന്നും ഇവര്‍ പറയുന്നു. പതിനഞ്ചാം കിലോമീറ്ററിന് ചേര്‍ന്ന്
ഗതാഗത യോഗ്യമായ മറ്റൊരു പാലമുണ്ടെന്നും ഇവര്‍ പറയുന്നു.
പുതിയ രണ്ടു പാലങ്ങള്‍ കൂടി
യാഥാര്‍ത്ഥ്യമായാല്‍ കേവലം 300 മീറ്ററിനുള്ളില്‍ മൂന്നു പാലങ്ങളാവുമെന്ന്
നാട്ടുകാരില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പതിനഞ്ചാം കിലോമീറ്ററിലും ൧൪.൭൫
കിലോമീറ്ററിലും നിര്‍മ്മിയ്ക്കുന്ന രണ്ടു പാലങ്ങള്‍ക്കു പകരം മദ്ധ്യത്തില്‍ ഒരു
പാലം നിര്‍മ്മിക്കേണ്ട ആവശ്യമേയൊള്ളു എന്നു വാദിക്കുന്നവരുണ്ട്. അനാവശ്യമായി
പാലങ്ങള്‍ നിര്‍മ്മിക്കുന്നത് സാമ്പത്തിക ക്രമക്കേടുകള്‍ക്കുവേണ്ടിയാണെന്നും ഇവര്‍
പറയുന്നു.
പനിച്ചയം മുതല്‍ കൂട്ടുമഠം അമ്പലം ജംഗ്ഷന്‍ വരെയുള്ള കനാല്‍ ബണ്ട് റോഡ്
വികസനത്തിനും പാലങ്ങളുടെ നിര്‍മ്മാണത്തിനുമായി സര്‍ക്കാര്‍ ഒരു കോടി അഞ്ചുലക്ഷം രൂപ
അനുവദിച്ചിട്ടുള്ളതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.
അതിണ്റ്റെ ഭാഗമായാണ് പനിച്ചയം ഭാഗത്തെ പാലങ്ങളുടെ നിര്‍മ്മാണം. 2009-ല്‍ തകര്‍ന്ന
പാലം പുനരുദ്ധരിയ്ക്കാന്‍ വേണ്ടി പെരിയാര്‍വാലിയും 9ലക്ഷം രൂപ
അനുവദിച്ചിട്ടുള്ളതായി യു.ഡി.എഫ് കണ്‍വീനര്‍ ചൂണ്ടിക്കാട്ടി..
പതിനഞ്ചാം
കിലോമീറ്റില്‍ പുതിയ പാലം നിര്‍മ്മിയ്ക്കുകയല്ല, മറിച്ച് ഉണ്ടായിരുന്ന പാലം
പുനസ്ഥാപിയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറി കെ.പി വറുഗീസ്
ചൂണ്ടിക്കാട്ടി. ഈ പാലത്തിലൂടെ കടന്നുപോയിരുന്ന കുടിവെള്ള പൈപ്പ് ലൈന്‍, പാലം
നിര്‍മ്മിയ്ക്കുന്നതോടെ പുനസ്ഥാപിയ്ക്കാനാവും. അതോടെ പുളിയാംമ്പിള്ളി ഹരിജന്‍
കോളനിയിലേയ്ക്കുള്ള കുടിവെള്ള വിതരണം പുനസ്ഥാപിയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം
പറഞ്ഞു.
പനിച്ചയത്ത് രണ്ടു പാലങ്ങളും നിര്‍മ്മിയ്ക്കണമെന്ന ആവശ്യവുമായി മുന്‍
പഞ്ചായത്ത് അംഗം ഷാജി സരിഗയും രംഗത്തുവന്നിരുന്നു. എന്നാല്‍, അനാവശ്യ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുഖജനാവ് കൊള്ളയടിയ്ക്കുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ
കൂട്ടുകെട്ട് തിരിച്ചറിയണമെന്നാണ് പാലത്തെ എതിര്‍ക്കുന്നവരുടെ ആവശ്യം.
മംഗളം 15.07.2012
No comments:
Post a Comment