Wednesday, July 18, 2012

ഇടിച്ചു തകര്‍ന്നത്‌ മകളുടെ തുടര്‍ വിദ്യാഭ്യാസ മോഹങ്ങള്‍; പിതാവിണ്റ്റെ വ്യവസായ സ്വപ്നങ്ങളും

പെരുമ്പാവൂറ്‍: എഞ്ചിനീയറിങ്ങിന്‌ പ്രവേശനം നേടാനുള്ള യാത്രയിലായിരുന്നു ആ പെണ്‍കുട്ടി. സിങ്കപ്പൂരില്‍ ബിസിനസ്‌ സംബന്ധമായ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു മടങ്ങുകയായിരുന്നു അവളുടെ അച്ഛന്‍. ഒരു നിമിഷത്തെ അശ്രദ്ധ...ഇടിച്ചുതകര്‍ന്നു പോയത്‌ അച്ഛനും മകളും സഞ്ചരിച്ച കാര്‍ മാത്രമല്ല, കുറേ അധികം സ്വപ്നങ്ങള്‍ കൂടിയാണ്‌. 
മലബാര്‍ അഗ്രോ കെമിക്കത്സ്‌ ഉടമ കോഴിക്കോടു സ്വദേശി മണികണ്ഠനും മകള്‍ ലക്ഷ്മിയും സഞ്ചരിച്ചിരുന്ന കാറാണ്‌ ഇന്നലെ ഉച്ചയ്ക്ക്‌ കീഴില്ലം ഷാപ്പുംപടിയില്‍ അപകടത്തില്‍ പെട്ടത്‌. എന്‍ട്രന്‍സ്‌ പരിശീലനം പൂര്‍ത്തിയാക്കിയ മകളെ പാലായിലുള്ള കോച്ചിങ്ങ്‌ സെണ്റ്ററില്‍ നിന്നും വിദേശത്തുനിന്നു വരുംവഴിതന്നെ നാട്ടിലേയ്ക്ക്‌ കൂട്ടികൊണ്ടുപോവുകയായിരുന്നു മണികണ്ഠന്‍. 
കോഴിക്കോട്‌ റീജിയണല്‍ എഞ്ചിനീയറിങ്ങ്‌ കോളജില്‍ ലക്ഷ്മിയ്ക്ക്‌ അഡ്മിഷന്‍ ശരിയായിരുന്നു. ഇന്ന്‌ കോഴ്സിനു ചേരണമെന്നതിനാലാണ്‌ ബിസിനസ്‌ ആവശ്യത്തിന്‌ സിങ്കപ്പൂരിന്‌ പോയിരുന്ന മണികണ്ഠന്‍ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ ശേഷം നേരെ മകളുടെ അടുത്തേയ്ക്ക്‌ പോയത്‌. എന്നാല്‍, മണികണ്ഠണ്റ്റെ ദീര്‍ഘകാലത്തെ വ്യാവസായിക വളര്‍ച്ചയും മകള്‍ ലക്ഷ്മിയുടെ ശോഭനമായ ഭാവിയും ഒരു നിമിഷത്തില്‍ അവസാനിച്ചുപോയി. ഇടിയുടെ ആഘാതത്തില്‍ കാറിണ്റ്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിരുന്നു. 
വാഹനത്തില്‍ കുടുങ്ങിപ്പോയവരെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ക്ക്‌ ഭഗീരഥ പ്രയത്നം വേണ്ടിവന്നു. പുറത്തെടുത്തവരെ ആശുപത്രിയിലെത്തിയ്ക്കാന്‍ അതിലേറെ ബുദ്ധിമുട്ടി. റോഡിലൂടെ കടന്നുപോയ വാഹനങ്ങളോന്നും ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലെത്തിയ്ക്കണമെന്ന അപേക്ഷ ചെവിക്കൊണ്ടില്ല. ആംബുലന്‍സുകളുടെ നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും അവ യഥാസമയം ലഭ്യമായില്ല. 
നാട്ടിലെ വ്യവസായിയായ യുവാവിണ്റ്റെ വാഹനത്തില്‍ ഇതിനിടയില്‍ ഒരാളെ ആശുപത്രിയിലേയ്ക്ക്‌ കൊണ്ടുപോയി. റോഡിലൂടെ കടന്നുപോയ ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്ഥണ്റ്റെ വാഹനം നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തിയെങ്കിലും പരുക്കേറ്റയാളെ കൊണ്ടുപോകാന്‍ വിസമ്മതിച്ചു. ഒടുവില്‍ നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ സമ്മതിച്ചത്‌. 
രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ്‌ കുറുപ്പംപടി പോലീസും പെരുമ്പാവൂരില്‍ നിന്നുള്ള ഫയര്‍ യൂണിറ്റും സംഭവസ്ഥലത്ത്‌ എത്തിയത്‌.
മംഗളം 18.07.12

No comments: