Tuesday, July 10, 2012

അനധികൃത മണ്ണെടുപ്പ്‌മലമുറിയില്‍ 11 കെ. വി ഇലക്ട്രിക്‌ ടവറിണ്റ്റെ സംരക്ഷണ ഭിത്തി തകര്‍ന്നു

 പെരുമ്പാവൂര്‍: അനധികൃത മണ്ണെടുപ്പിനെ തുടര്‍ന്ന്‌ മലമുറിയില്‍ അപകട നിലയിലായ 11 കെ.വി ഇലക്ട്രിക്‌ ടവറിനു ചുറ്റും നിര്‍മ്മിച്ചിരുന്ന സംരക്ഷണ ഭിത്തി മഴയില്‍ തകര്‍ന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷണ്റ്റെ പെട്രോള്‍ പമ്പിനോട്‌ ചേര്‍ന്ന ഇലക്ട്രിക്‌ ടവര്‍ വാന്‍ അപകട ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. 
ഉയര്‍ന്ന പ്രദേശമായ മലമുറിയില്‍ നാളുകളായി വന്‍തോതിലുള്ള മണ്ണെടുപ്പാണ്‌ നടക്കുന്നത്‌. രാത്രിയും പകലും ഭേദമില്ലാതെ ഇവിടെ നടന്ന മണ്ണെടുപ്പിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തിയെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ല. പെട്രോള്‍ പമ്പിന്‌ സമീപമുള്ള ഉയര്‍ന്ന ഭാഗത്തുനിന്ന്‌ യാതൊരു മാനദണ്ഡങ്ങളും പാലിയ്ക്കാതെയാണ്‌ മണ്ണെടുത്തത്‌. ഒറ്റപ്പെട്ട മണ്‍തുരുത്തില്‍ ടവര്‍ എപ്പോള്‍ വേണമെങ്കിലും മറിയാവുന്ന നിലയിലായി. അതോടെ ജനരോഷവും ശക്തിപ്പെട്ടു. 
ഇതേ തുടര്‍ന്നാണ്‌ മണ്ണെടുത്തവര്‍ ടവറിന്‌ ചുറ്റും കരിങ്കല്‍ ഉപയോഗിച്ച്‌ സംരക്ഷണ ഭിത്തി തീര്‍ത്തത്‌. അങ്ങനെ ജനങ്ങളെ നിശബ്ദരാക്കി വീണ്ടും മണ്ണെടുപ്പ്‌ തുടര്‍ന്നു. ജെ.സി.ബിയും മറ്റ്‌ യന്ത്രങ്ങളും ഉപയോഗിച്ച്‌ രാത്രിയും മണ്ണെടുക്കുന്നതിനെതിരെ വീണ്ടു ജനങ്ങള്‍ രംഗത്ത്‌ വന്നു. ശബ്ദ ശല്യവും പൊടി പടലങ്ങളും മൂലം പരിസരവാസികള്‍ക്ക്‌ ജീവിയ്ക്കാന്‍ ബുദ്ധിമുട്ടായി. എന്നാല്‍ അധികാരികളില്‍ നിന്നും മണ്ണെടുപ്പിനെതിരെ കര്‍ശന നടപടികളൊന്നും ഉണ്ടായില്ല. 
ഇതിനിടയിലാണ്‌ മഴയില്‍ കരിങ്കല്‍കെട്ട്‌ തകര്‍ന്നത്‌. ടവറിനോട്‌ ചേര്‍ന്ന ഭാഗത്തും അല്‍പം മാറിയുമായി കെട്ട്‌ ഇടിഞ്ഞ്‌ താഴേയ്ക്ക്‌ പതിച്ചിരിയ്ക്കുകയാണ്‌. ഇനിയുള്ള മഴയില്‍ ടവറിണ്റ്റെ ചുവട്ടിലെ മണ്ണ്‌ ഒഴുകി പോകാം. അതോടെ ടവര്‍ ഏതുനമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലായി. 
ഇലക്ട്രിക്‌ ടവര്‍ പെട്രോള്‍ പമ്പിന്‌ മുകളില്‍ വീണാലുണ്ടാകുന്ന അപകടം ചെറുതായിരിയ്ക്കില്ല. നൂറുകണക്കിന്‌ വാഹനങ്ങള്‍ കടന്നുപോകുന്ന എം.സി റോഡിലെ യാത്രക്കാരുടെ ജീവനും ഇത്‌ ഭീഷണിയാണ്‌. 
മംഗളം 10.07.2012

No comments: