Friday, July 20, 2012

കുറുപ്പംപടിയിലും പുക്കാട്ടുപടിയിലും ഹോട്ടലുകള്‍ അടച്ചുപൂട്ടി

വ്യാപക മിന്നല്‍ പരിശോധന 

പെരുമ്പാവൂര്‍: ആരോഗ്യവകുപ്പ്‌ അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കുറുപ്പംപടിയിലേയും പുക്കാട്ടുപടിയിലേയും ഓരോ ഹോട്ടലുകള്‍ അടച്ചുപൂട്ടി. വീഴ്ചകള്‍ പരിഹരിയ്ക്കാന്‍ 24 മണിക്കൂറ്‍ സമയം നല്‍കി കുറുപ്പംപടിയില്‍ ഏഴു ഹോട്ടലുകള്‍ക്കും പുക്കാട്ടുപടിയില്‍ നാലു ഹോട്ടലുകള്‍ക്കും നോട്ടീസ്‌ നല്‍കി. 
കുറുപ്പംപടിയില്‍ എം.ജി.എം സ്കൂളിന്‌ സമീപമുള്ള അന്ന മരിയ എന്ന ഹോട്ടലാണ്‌ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടിയത്‌. സ്കൂള്‍ അദ്ധ്യാപകരും കുട്ടികളും ആശ്രയിച്ചിരുന്ന ഈ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യങ്ങളാണ്‌ കണ്ടെത്തിയതെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥാപനത്തിന്‌ ലൈസന്‍സ്‌ ഉണ്ടായിരുന്നില്ല. തൊഴിലാളികള്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡും ഉണ്ടായിരുന്നില്ല. അതിനാലാണ്‌ ഹോട്ടലിനെതിരെ കര്‍ശന നടപടി കൈക്കൊണ്ടത്‌. പുക്കാട്ടുപടി വയര്‍ റോക്സ്‌ കവലയിലെ ഭാരത്‌ ഹോട്ടലും ഇതേ സാഹചര്യത്തിലായതിനാല്‍ അടച്ചുപൂട്ടി. 
കുറുപ്പംപടി, വല്ലം, പുല്ലുവഴി എന്നിവിടങ്ങളിലെ 23 ഹോട്ടലുകളിലും പുക്കാട്ടുപടി, കിഴക്കമ്പലം, പഴങ്ങനാട്‌ മേഖലകളില്‍ ഹോട്ടലുകള്‍, ആശുപത്രികള്‍, ബാറുകള്‍, കാണ്റ്റീനുകള്‍, മത്സ്യവില്‍പന ശാലകള്‍, അറവു കേന്ദ്രങ്ങള്‍ എന്നിങ്ങനെ മുപ്പത്തിയഞ്ചു കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. രാവിലെ എട്ടിന്‌ തുടങ്ങിയ റെയ്ഡില്‍ പല ഹോട്ടലുകളിലേയും ഫ്രീസറുകളില്‍ നിന്ന്‌ മുന്‍ദിവസങ്ങളില്‍ പാകപ്പെടുത്തിയ ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടെത്തി. ഉപയോഗിച്ച്‌ പഴകിയ എണ്ണയാണ്‌ പലയിടങ്ങളിലും ആവര്‍ത്തിച്ച്‌ ഉപയോഗിച്ചിരുന്നത്‌. വല്ലത്തെ ഒരു ഹോട്ടലില്‍ നിന്ന്‌ പഴകി പൂപ്പല്‍ പിടിച്ച ഭക്ഷണം കണ്ടെത്തി.
കുറുപ്പംപടി മേഖലയില്‍ പരിശോധന നടത്തിയ ഹോട്ടലുകളില്‍ ആകെ എഴുപത്തിയേഴു തൊഴിലാളികളാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ഇവരില്‍ ആകെ പതിന്നാലു പേര്‍ക്കാണ്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ ഉണ്ടായിരുന്നത്‌. അതില്‍ തന്നെ ഇരുപതോളം പേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്‌. ഹോട്ടലുകളിലെ വൃത്തിഹീനമായ ചുറ്റുപാടുകള്‍ ശുചീകരിയ്ക്കുക, ലൈസന്‍സ്‌ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി ഏഴു ഹോട്ടലുകള്‍ക്ക്‌ 24 മണിക്കൂറ്‍ സമയമാണ്‌ അനുവദിച്ചിട്ടുള്ളത്‌. അതിനുള്ളില്‍ ഇക്കാര്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഈ ഹോട്ടലുകള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
വേങ്ങൂറ്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെണ്റ്റര്‍ ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ എന്‍.സി ബേബിയുടെയും മലയിടംതുരുത്ത്‌ ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ ജോയി ജോസഫിണ്റ്റേയും നേതൃത്വത്തിലായിരുന്നു റെയ്ഡ്‌. ജൂനിയര്‍ ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍മാരായ സുരേഷ്‌, ശ്രീജിത്‌, ജിതിന്‍, ജലജ, ഗന്നിമോള്‍, അനീഷ്‌ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
മംഗളം 20.07.2012

No comments: