Thursday, July 26, 2012

ആദ്യ കാവ്യസമാഹാരം അണിയറയിലൊരുങ്ങുന്നതിനിടയില്‍ അണ്ണന്‍ വടേരിയുടെ സര്‍ഗ ജീവിതത്തിന്‌ വിരാമം

 സുരേഷ്‌ കീഴില്ലം 

പെരുമ്പാവൂര്‍ :  ആദ്യ കാവ്യസമാഹാരം അണിയറയിലൊരുങ്ങുന്നതിനിടയില്‍ അണ്ണന്‍ വടേരിയുടെ നീണ്ടകാലത്തെ സര്‍ഗജീവിതത്തിന്‌ വിരാമം. കവിയും നാടകകൃത്തുമായിരുന്ന അണ്ണണ്റ്റെ മൃതദേഹം ഇന്ന്‌ സംസ്കരിയ്ക്കും.
ആര്യസൂക്തം
എന്ന നാടകത്തില്‍
വൃദ്ധബ്രാഹ്മണണ്റ്റെ
വേഷത്തില്‍ 
 
സാംസ്കാരികസദസുകളിലെ പതിവു സാന്നിദ്ധ്യമായിരുന്ന അണ്ണന്‍ വടേരിയെന്ന, കോടനാട്‌ വടേരി പറമ്പില്‍ രവി (62) യെ ചൊവ്വാഴ്ചയാണ്‌ വീടിനടുത്തുള്ള കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ കരുതുന്നു. 
പലപ്പോഴായി എഴുതിയ 128 കവിതകളില്‍നിന്നും മികച്ച അമ്പതെണ്ണം തെരഞ്ഞെടുത്ത്‌ അണ്ണന്‍ വടേരിയുടെ അമ്പതു കവിതകള്‍ എന്ന പേരില്‍ പുറത്തിറക്കാനിരിക്കെയായിരുന്നു മരണം. നിരവധി സ്റ്റേജ്‌ നാടകങ്ങളിലൂടേയും റേഡിയോ നാടകങ്ങളിലൂടേയും ശ്രദ്ധേയനായ അണ്ണന്‍ വടേരി കുറേക്കാലമായി കവിത രചനയിലായിരുന്നു ശ്രദ്ധ ഊന്നിയിരുന്നത്‌. ഓണക്കളിപ്പാട്ട്‌, ശാസ്താംപാട്ട്‌ തുടങ്ങിയവയും അണ്ണണ്റ്റേതായുണ്ട്‌..
കോടനാട്‌ സര്‍ഗ്ഗവേദി
 സംഘടിപ്പിച്ച
സാംസ്കാരിക
കൂട്ടായ്മയില്‍
അണ്ണന്‍ വടേരി
കവിത ചൊല്ലുന്നു.
സംസ്ഥാനത്തിണ്റ്റെ വിവിധഭാഗങ്ങളില്‍ വന്‍സൌഹൃദ വലയമുണ്ടാക്കിയെടുത്ത ഇദ്ദേഹത്തെ സ്നേഹിതര്‍ അണ്ണനെന്നാണ്‌ വിളിച്ചിരുന്നത്‌. അത്‌ പിന്നീട്‌ അദ്ദേഹം സ്വന്തം പേരായി സ്വീകരിയ്ക്കുകയായിരുന്നു. ഭാര്യയും മക്കളും പോലും അദ്ദേഹത്തെ അങ്ങനെതന്നെയാണ്‌ വിളിച്ചിരുന്നത്‌.. ..
കോടനാട്‌ കേന്ദ്രമായി സര്‍ഗവേദിയെന്ന പേരില്‍ ഒരു സാംസ്കാരിക കൂട്ടായ്മ അദ്ദേഹം രൂപീകരിച്ചിരുന്നു. എല്ലാമാസവും മൂന്നാമത്‌ ഞായറാഴ്ച ഈ വേദിയുടെ ആഭിമുഖ്യത്തില്‍ ഒരുപറ്റം സഹൃദയര്‍ കഴിഞ്ഞ 18 മാസമായി അണ്ണണ്റ്റെ നേതൃത്വത്തില്‍ ഒത്തു ചേരാറുണ്ടായിരുന്നു. ഇവിടെ നിന്ന്‌ അണ്ണന്‍ വടേരി മുഖ്യപത്രാധിപരായി സര്‍ഗവസന്തമെന്നപേരില്‍ ഒരു ചെറുപ്രസിദ്ധീകരണവും തുടങ്ങി. 
ഇടപ്പിള്ളി ചെങ്ങമ്പുഴ പാര്‍ക്കിലെ കാവ്യമൂല, കാലടി ബുധസംഗമം, കോതമംഗലം സുവര്‍ണരേഖ, തൃക്കാരിയൂ ര്‍   സമന്വയവേദി, മൂവാറ്റുപുഴ സാഹിതീ സംഗമം തുടങ്ങിയ കൂട്ടായ്മയിലൊക്ക അണ്ണന്‍ ആദ്യാവസാനക്കാരനായിരുന്നു. തുടങ്ങുംമുമ്പ്‌ എത്തുക എന്നതും പൂര്‍ത്തിയായശേഷം മാത്രം മടങ്ങുക എന്നതും ഇദ്ദേഹം നിര്‍ബന്ധപൂര്‍വ്വം സൂക്ഷിച്ചു. സ്വന്തം രചനകള്‍ വായിച്ചശേഷം ധൃതിയില്‍ മടങ്ങാന്‍ തുടങ്ങുന്നവരോട്‌ മറ്റുള്ളവരേക്കൂടി കേള്‍ക്കാനുള്ള മര്യാദ കാട്ടണമെന്ന്‌ അണ്ണന്‍ പതിവായി ശഠിച്ചു. ചൊവ്വാഴ്ച അടിമാലിയിലെ ഒരു കവിയരങ്ങില്‍ സംബന്ധിക്കാനിരിക്കെയായിരുന്നു വിയോഗം.
 തൃശൂര്‍  വ്യാസകലാകേന്ദ്ര ഉള്‍പ്പടെ പല പ്രൊഫഷണല്‍ നാടകസമിതികളിലും അംഗമായിരുന്ന അണ്ണന്‍ നാടക കലാകാരന്‍മാരുടെ സംഘടനയായ സ്റ്റേജ്‌ ആര്‍ട്ടിസ്റ്റ്‌ വര്‍ക്കേഴ്സ്‌ അസോസിയേഷണ്റ്റയും നന്‍മയുടേയും സംസ്ഥാനതല ഭാരവാഹിയായിരുന്നു. കോടനാട്‌ നവകേരള വായനശാല സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 
കലാകാരന്‍മാര്‍ക്കുള്ള സര്‍ക്കാരിണ്റ്റെ പെന്‍ഷന്‍ വാങ്ങിയിരുന്ന ഇദ്ദേഹത്തെ നാളുകള്‍ക്ക്‌ മുമ്പ്‌ നടന്ന ഒരു ചടങ്ങില്‍ ആദരിച്ചത്‌ ചലചിത്രതാരം കവിയൂറ്‍ പൊന്നമ്മയാണ്‌. ഇന്ന്‌ രാവിലെ 10 ന്‌ കോടനാടുള്ള വീട്ടുവളപ്പില്‍ മൃതദേഹം പൊതു ദര്‍ശനത്തിന്‌ വച്ച ശേഷം കാക്കനാട്‌ തെങ്ങോട്‌ ക്രിസ്ത്യന്‍ ചര്‍ച്ച്‌ സെമിത്തേരിയില്‍ സംസ്കരിയ്ക്കും. 


മംഗളം 26.07.2012

No comments: