പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Monday, July 16, 2012

നാട്ടുകാരുടെ പ്രതിഷേധം നേരിടാനാകാതെ വേങ്ങൂരില്‍ ഗ്രാമസഭ പിരിച്ചുവിട്ടു

അനധികൃത പാറമടയ്ക്ക്‌ ലൈസന്‍സ്‌ 

പെരുമ്പാവൂര്‍: അനധികൃത പാറമടകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കിയതിനെതിരെ ഉയര്‍ന്ന നാട്ടുകാരുടെ പ്രതിഷേധം നേരിടാനാകാതെ വേങ്ങൂരില്‍ ഗ്രാമസഭ പാതിവഴിയില്‍ പിരിച്ചുവിട്ടു. 
കൊമ്പനാട്‌ യു.പി സ്കൂളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ ചേര്‍ന്ന പതിന്നാലാം വാര്‍ഡ്‌ ഗ്രാമസഭയാണ്‌ പാതിവഴിയില്‍ പിരിച്ചുവിട്ടത്‌. നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാനാകാതെ പ്രസിഡണ്റ്റ്‌ പ്രസന്നകുമാരി വാസു ഗ്രാമസഭ പിരിച്ചുവിട്ടതായി പ്രഖ്യാപിയ്ക്കുകയായിരുന്നു. 
നാട്ടുകാരുടെ പരാതി നിലനില്‍ക്കെ വേങ്ങൂരിലെ മുനിപ്പാറയില്‍ പാറമടയ്ക്ക്‌ പഞ്ചായത്ത്‌ ഭരണസമിതി അനുമതി നല്‍കിയതിനെതിരെയാണ്‌ ഗ്രാമസഭയില്‍ പ്രതിഷേധമുയര്‍ന്നത്‌. ഇത്തരം കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ്‌ പ്രസിഡണ്റ്റും വാര്‍ഡ്‌ മെമ്പര്‍ ലാനി രവിയും കൈക്കൊണ്ടതെന്ന്‌ ഗ്രാമസഭയില്‍ പങ്കെടുത്തവര്‍ പറയുന്നു. 
മുനിപ്പാറയില്‍ ജനജീവിതത്തിന്‌ ഭീഷണിയായി മൂന്നു പാറമടകളാണ്‌ പ്രവര്‍ത്തിയ്ക്കുന്നത്‌. പാറമടയിലെ തുടര്‍ച്ചയായ സ്ഫോടനങ്ങളെ തുടര്‍ന്ന്‌ പാണ്ടഞ്ചേരി കുടിവെള്ള പദ്ധതിയുടെ ടാങ്കിന്‌ വിള്ളല്‍ വീണിട്ടുണ്ട്‌. നാട്ടുകാര്‍ സഞ്ചരിയ്ക്കുന്ന റോഡിലേയ്ക്കും തൊട്ടുചേര്‍ന്ന വീടുകളിലേയ്ക്കും പാറക്കല്ലുകള്‍ തെറിയ്ക്കുന്നതും പതിവാണ്‌. കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം വി.ജി മനോജിണ്റ്റെ നേതൃത്വത്തില്‍ ഇതിനെതിരെ നാട്ടുകാര്‍ സമരരംഗത്താണ്‌. ഇത്‌ മുമ്പ്‌ മംഗളം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. 
അതേസമയം, തണ്റ്റെ വാര്‍ഡില്‍ ഒരൊറ്റ അനധികൃത പാറമട പോലും പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന്‌ വാര്‍ഡ്‌ മെമ്പര്‍ ലാനി രവി മംഗളത്തോട്‌ പറഞ്ഞു. എല്ലാം നിയമപരമാണ്‌. ഗ്രാമസഭ അജണ്ടയ്ക്ക്‌ പുറമെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച്‌ ഒരു വിഭാഗം ബഹളമുണ്ടാക്കിയതിനെ തുര്‍ന്നാണ്‌ ഗ്രാമസഭ പിരിച്ചുവിട്ടതെന്നും അതിനുള്ള അവകാശം അദ്ധ്യക്ഷനുണ്ടെന്നും മെമ്പര്‍ പറയുന്നു. 
മംഗളം 16.07.2012

No comments: