പെരുമ്പാവൂര്‍: ഭക്ഷ്യവിഷ ബാധയ്ക്ക് ശേഷവും കുറുപ്പംപടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന മത്സ്യ സ്റ്റാളിന് ലൈസന്‍സ് നല്‍കി എന്ന് ആരോപിച്ച് രായമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പെന്ന് പ്രസിഡന്റ്.
ആരോഗ്യവകുപ്പിന്റേയും ബന്ധപ്പെട്ട വകുപ്പുകളുടേയും എന്‍.ഒ.സി ഇല്ലാതിരുന്നിട്ടും ഈ സ്റ്റാളിന് ലൈസന്‍സ് നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പഞ്ചായത്തുകമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ലൈസന്‍സ് നല്‍കി വോട്ടിനിട്ട് പാസാക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചത്.
പ്രതിപക്ഷ അംഗങ്ങളായ എ.കെ ഷാജി, ബിജു കുര്യാക്കോസ്, കെ.വി സുകുമാരന്‍, വി.കെ പത്മിനി, ശാന്ത ഗോപാലന്‍, മിനി തങ്കപ്പന്‍, കൗസല്യ ശിവന്‍ തുടങ്ങിയവരാണ് ഇറങ്ങിപ്പോയത്.
എന്നാല്‍, ഭക്ഷ്യവിഷ ബാധയെപറ്റി അറിഞ്ഞപ്പോള്‍തന്നെ ആരോഗ്യവകുപ്പിനോട് വേണ്ട നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായി പ്രസിഡന്റ് ജോയി പൂണേലി പറയുന്നു. ചുമതല നല്‍കിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇവിടെ വേണ്ടവിധത്തില്‍ അന്വേഷണം നടത്തുകയോ വിവരം സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തില്ല. അതിനാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുത്തതായി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോള്‍ ഈ ഉദ്യോഗസ്ഥനെ സംരക്ഷിയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. വീഴ്ചകള്‍ക്ക് എതിരെ ഭരണസമിതിയെ കുറ്റപ്പെടുത്തുകയും, ഭരണസമിതി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമ്പോള്‍ അയാളെ സംരക്ഷിയ്ക്കുകയും ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു.
മംഗളം 26.09.2012