Sunday, September 16, 2012

ഐ.എന്‍.ടി.യു.സി മേഖലാസമ്മേളനം; എ ഗ്രൂപ്പ്‌ കരുത്ത്‌ കാട്ടി


മന്ത്രിമാര്‍ ആരും പങ്കെടുത്തില്ല


പെരുമ്പാവൂര്‍: ഐ.എന്‍.ടി.യു.സി ജില്ലാ നേതൃത്വത്തേയും കോണ്‍ഗ്രസ്‌ ഐ ഗ്രൂപ്പിനേയും വെല്ലുവിളിച്ച്‌ സംഘടിപ്പിച്ച മേഖലാസമ്മേളനത്തില്‍ എ ഗ്രൂപ്പ്‌ കരുത്തുകാട്ടി. അതേസമയം, സംഘാടകര്‍ പങ്കെടുക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്ന കേന്ദ്ര-സംസ്ഥാന മന്ത്രിമാരില്‍ ഒരാള്‍ പോലും സമ്മേളനത്തിന്‌ എത്താതിരുന്നത്‌ തിരിച്ചടിയായി. 
പട്ടണത്തിലെ കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ വഴക്ക്‌ മറനീക്കിയാണ്‌ ഐ.എന്‍.ടി.യു.സിയുടെ മേഖലാ കണ്‍വെന്‍ഷന്‍ നടന്നത്‌. എ വിഭാഗത്തിന്റെ ആശിര്‍വാദത്തോടെ ഒരു വിഭാഗം ഐ.എന്‍.ടി.യു.സി തൊഴിലാളികളെ സംഘടിപ്പിച്ചാണ്‌ മേഖല കണ്‍്‌വെന്‍ഷന്‍ സംഘടിപ്പിച്ചത്‌.
ഈ സമ്മേളനത്തിന്‌ ഐ.എന്‍.ടി.യു.സിയുമായി യാതൊരു ബന്ധവുമുല്ലെന്ന്‌ ജില്ലാ പ്രസിഡന്റ്‌ പത്ര പ്രസ്‌താവന നടത്തിയതോടെ അണികള്‍ ആശയക്കുഴപ്പിത്തിലായി. ടി.പി ഹസ്സനൊപ്പം ഐ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരോട്‌ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കെരുത്‌ എന്നാവശ്യപ്പെട്ട്‌ രംഗത്തുവന്നു.
എന്നാല്‍, ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവ്‌ സംസ്ഥാന യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചനേയും ജില്ലാ പ്രസിഡന്റ്‌ ടി.പി ഹസ്സനേയും ഒഴിവാക്കി എ വിഭാഗം മേഖലാ കണ്‍വെന്‍ഷനുമായി മുന്നോട്ടുപോവുകയായിരുന്നു. കേന്ദ്രമന്ത്രി കെ.വി തോമസ്‌, സംസ്ഥാന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ ബാബു തുടങ്ങിയവരും എം.എല്‍.എമാരായ ബെന്നിബെഹന്നാല്‍, വി.പി സജീന്ദ്രന്‍ തുടങ്ങിയവരും യോഗത്തിനുണ്ടാവുമെന്നായിരുന്നു അറിയിപ്പ്‌. എന്നാല്‍ ഇവരിലൊരാള്‍പോലും സമ്മേളനത്തിന്‌ എത്താതിരുന്നത്‌ എ വിഭാഗത്തിന്‌ തിരിച്ചടിയായി. അതേസമയം, സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനത്തില്‍ അയ്യായിരത്തോളം പേരെ അണിനിരത്തുമെന്ന്‌ അവകാശപ്പെട്ടിരുന്നുവെങ്കിലും അംഗസംഖ്യ ഏറെ താഴെപ്പോകാത്തത്‌ ആശ്വാസമാവുകയും ചെയ്‌തു.
ഇരുപക്ഷത്തിനും സമ്മേളനവുമായി ബന്ധപ്പെട്ട്‌ വലിയ വിജയം അവകാശപ്പെടാന്‍ ആവില്ലെന്നതാണ്‌ വസ്‌തുത. അതേസമയം, മുന്‍ മന്ത്രി ടി.എച്ച്‌ മുസ്‌തഫയുടെ എ ഗ്രൂപ്പിലേയ്‌ക്കുള്ള തുറന്ന പ്രവേശനത്തിന്‌ സാക്ഷ്യം വഹിച്ചുവെന്നത്‌്‌ സമ്മേളനത്തിന്റെ പ്രത്യേകതയായി മാറുകയും ചെയ്‌തു.
കുന്നത്തുനാട്‌ താലൂക്കിലെ വിവിധ യൂണിയനുകള്‍ പങ്കെടുത്ത മേഖലാ സമ്മേളനം ഐ.എന്‍.ടി.യു.സി അഖിനേന്ത്യ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം കെ.പി ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയര്‍മാന്‍ എം.ബി രാജന്‍ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ മന്ത്രി ടി.എച്ച്‌ മുസ്‌തഫ, വര്‍ക്കിംഗ്‌ കമ്മിറ്റിയംഗം പി.എ ജോസഫ്‌, സംസ്ഥാന സെക്രട്ടറി കെ.കെ ജിന്നാസ്‌, ബി.എ അബ്‌ദുള്‍ മുത്തലിബ്‌, ടി.എം സക്കീര്‍ ഹുസൈന്‍, മനോജ്‌ മൂത്തേടന്‍, സി.കെ അയ്യപ്പന്‍കുട്ടി, കെ. കുഞ്ഞുമുഹമ്മദ്‌, ഏലിയാസ്‌ കാരിപ്രം, സി.പി ജോയി, കെ.പി പീറ്റര്‍, ബാബു സെയ്‌താലി, റഷീദ്‌ താനത്ത്‌, കെ.പി തങ്കപ്പന്‍, അനിബെന്‍ കുന്നത്ത്‌ , റിജു കുര്യന്‍, കെ.ഇ കുഞ്ഞുമുഹമ്മദ്‌, ജേക്കബ്‌ സി. മാത്യു, എം.എം ഷാജഹാന്‍, അസീസ്‌ വലിയപറമ്പില്‍, പി.പി പൗലോസ്‌ മാസ്റ്റര്‍, സി.എച്ച്‌ അബു, എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എം എബ്രഹാം സ്വാഗതവും ജില്ലാ സെക്രട്ടറി സാബു പാത്തിയ്‌ക്കല്‍ നന്ദിയും പറഞ്ഞു. 


 മംഗളം  16.09.2012

No comments: