Friday, September 21, 2012

ടാക്‌സി ഡ്രൈവറുടെ കൊലപാതകം; കാറിന്റെ നമ്പര്‍ മാറ്റിയൊട്ടിച്ചു കൊടുത്തയാളും പിടിയിലായി


പാണ്ടി

പെരുമ്പാവൂര്‍: ടാക്‌സി ഡ്രൈവറെ കൊന്ന് കാര്‍ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി.
കാറിന്റെ കേരള രജിസ്‌ട്രേഷനിലുള്ള നമ്പറിനു മുകളില്‍ വ്യാജ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നമ്പര്‍ ഒട്ടിച്ചു നല്‍കിയ അരവിന്ദ് സ്റ്റിക്കേഴ്‌സ് ഉടമ കമ്പം ആങ്കൂര്‍ പാളയം റോഡില്‍  30/451- നമ്പര്‍ വീട്ടില്‍ താമസിയ്ക്കുന്ന പാണ്ടി (41) ആണ് പിടിയിലായത്. കാറിന്റെ ഗ്ലാസില്‍ ശ്രീ മുരുകന്‍ തുണൈ എന്ന തമിഴ് സ്റ്റിക്കറും ഇയാള്‍ ഒട്ടിച്ചു നല്‍കി.
കഴിഞ്ഞ സ്വാതന്ത്യദിന പുലര്‍ച്ചയിലാണ് മൗലൂദ്പുര തച്ചിരുകുടിയില്‍ പൊട്ടേക്കാട്ടില്‍ ഹൈദര്‍ അലി (45) ദാരുണമായി കൊലചെയ്യപ്പെട്ടത്. നെല്ലിമോളത്തിനടുത്തുള്ള ഇടറോഡില്‍ വച്ച് ചുറ്റികയ്ക്ക് ഹൈദര്‍ അലിയുടെ തലയ്ക്ക് അടിച്ചുവീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം കാര്‍ കടത്തുകയായിരുന്നു.
ഈ കേസില്‍ കുറുപ്പംപടി പോലീസ് ഒരാഴ്ചയ്ക്കകം മുഖ്യപ്രതികളെ പിടികൂടി. പള്ളിവാസലില്‍ താമസിയ്ക്കുന്ന ശെല്‍വന്‍ (മണി), തൃശ്‌നാപ്പിള്ളി സ്വദേശികളായ സെബസ്റ്റ്യന്‍, ചിന്നരാജ് എന്നിവരാണ് വലയിലായത്.ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ശിവ എന്നയാളെ ഇനിയും കിട്ടാനുണ്ട്. 
അതിനിടയിലാണ് കാറിന്റെ രൂപഭാവങ്ങള്‍ മാറ്റിക്കൊടുത്ത് പ്രതികളെ സഹായിച്ച പാണ്ടിയെ സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ രാജുമാധവന്‍, സീനിയര്‍ സി.പി.ഒ നന്ദകുമാര്‍, സാബു, ഇക്ബാല്‍, വിനോദ് എന്നിവരടങ്ങുന്ന സംഘം കമ്പത്തുനിന്ന് പിടികൂടിയത്.

മംഗളം 21.09.2012

No comments: