Tuesday, September 11, 2012

കൂവപ്പടി ഗണപതി വിലാസം- ഇടവൂര്‍ റോഡ് കൈയ്യേറുന്നതായി പരാതി



പെരുമ്പാവൂര്‍: കൂവപ്പടി ഗണപതി വിലാസം-ഇടവൂര്‍ റോഡ് കയ്യേറുന്നതായി പരാതി. നാല്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച ഈ റോഡ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റോഡ് സംരക്ഷണ  സമിതി മുഖ്യ മന്ത്രിയുടെ പരാതി പരിഹാര സെല്ലിലേയ്ക്കാണ് നിവേദനം നല്‍കിയത്. 
റോഡിന് കൃത്യമായ സ്‌കെച്ചും പ്ലാനും ഇല്ലാത്തതിനാല്‍ പല കാലങ്ങളിലായി സമീപവാസികള്‍ ഈ റോഡ് കയ്യേറിയിട്ടുള്ളതായി റോഡു സംരക്ഷണ സമിതി പറയുന്നു. അടിയന്തിരമായി ഇവിടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും  കയ്യേറ്റക്കാരില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാവുന്ന പക്ഷം പോലീസ് സഹായത്തേടെ അത് അടിച്ചമര്‍ത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു..
കൂവപ്പടി-മുട്ടുക്കുഴി, മുട്ടുക്കുഴി-സിദ്ധന്‍ കവല, സൊസൈറ്റിക്കവല-ചുള്ളിപ്പാടം, ചുള്ളിപ്പാടം- ആശാന്‍കവല തുടങ്ങിയ ഭാഗങ്ങളില്‍ മഴവെള്ളം കുത്തിയൊഴുകി ടാറിംഗ് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കാലാകാലങ്ങളായി നടക്കുന്ന കുഴിയടയ്ക്കല്‍ടാറിംഗിന് പകരം റോഡ് പൂര്‍ണമായി ടാര്‍ ചെയ്യണം. മാത്രവുമല്ല മഴവെള്ളം കുത്തിയൊഴുകുന്ന ഭാഗങ്ങളില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്നും സംരക്ഷണ  സമിതി ആവശ്യപ്പെട്ടു.
കോടനാട് ആനക്കളരി, കപ്രിക്കാട്, പാണിയേലി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് വടക്കന്‍ കേരളീയര്‍ക്ക് എത്തിച്ചേരാനുള്ള എളുപ്പമാര്‍ഗമാണ് ഈ റോഡ്, മാത്രവുമല്ല, കാലടിയ്ക്കും പെരുമ്പാവൂരിനും മദ്ധ്യേ എം.സി റോഡില്‍ ഗതാഗത സ്തംഭനമുണ്ടായാല്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടാനും ഈ റോഡ് ആശ്രയമാണ്.
ഇത്രയേറെ പ്രാധാന്യമുള്ള റോഡ് കയ്യേറ്റക്കാരില്‍ നിന്ന്  പിടിച്ചെടുത്ത് പുനരുദ്ധരിയ്ക്കണമെന്ന ആവശ്യമടങ്ങുന്ന നിവേദനം മുഖ്യ മന്ത്രിയ്ക്ക് പുറമെ കെ.പി ധനപാലന്‍ എം.പി, സാജുപോള്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍, പൊതുമരാമത്ത് വകുപ്പ്, ജില്ലാ പഞ്ചായത്ത്, ഒക്കല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്കും സമര്‍പ്പിച്ചിട്ടുള്ളതായി സമിതി ഭാരവാഹികളായ രാജു ജോണ്‍, സാനു ടി.ഒ, ലിജോ ടി.വി തുടങ്ങിയവര്‍ അറിയിച്ചു.

മംഗളം 11.09.2012


No comments: