പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെട്ട ചെറുവേലിക്കുന്ന് റോഡ് ഗതാഗതയോഗ്യമല്ലാതായി.
കുണ്ടുംകുഴിയും നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ കാല്‍നടയാത്രപോലും ദുഷ്‌ക്കരമാണ്. രണ്ട് പ്ലൈവുഡ് കമ്പനികള്‍ അടക്കമുള്ള വ്യവസായ സ്ഥാപനങ്ങളേയ്ക്കുള്ള ആളുകളും പ്രദേശവാസികളും ആശ്രയിക്കുന്ന റോഡാണിത്. മുടിയ്ക്കല്‍ സ്‌കൂള്‍, ഷറഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൗലൂദ്പുര മദ്രസ എന്നിവിടങ്ങളിലേയ്ക്കുള്ള നിരവധി വിദ്യാര്‍ത്ഥികളും ഈ റോഡ് ഉപയോഗിയ്ക്കുന്നവരാണ്. ചെറുവേലിക്കുന്ന് ജമാഅത്ത് പള്ളിയിലേയ്‌ക്കെത്തുന്ന വിശ്വാസികള്‍ക്കും റോഡ് തകര്‍ന്നതോടെ യാത്രാദുരിതമായി.
മുടിയ്ക്കല്ലില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡ് തകര്‍ന്നിട്ട് നാളേറെയായി. റോഡ് പുനര്‍ നിര്‍മ്മിക്കാനോ, അറ്റകുറ്റ പണികള്‍ നടത്താനോ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കേരള കോണ്‍ഗ്രസ് വാഴക്കുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് എ.എ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. കെ.എ ഹാരിസ് പ്രസംഗിച്ചു.
മംഗളം 14.09.2012
No comments:
Post a Comment