Friday, September 7, 2012

മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം: പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഡിവൈ.എസ്.പി ഓഫീസ് മാര്‍ച്ച് ഇന്ന്



പെരുമ്പാവൂര്‍: ചാനല്‍ റിപ്പോര്‍ട്ടറെ ഓഫീസില്‍ കയറി  മര്‍ദ്ദിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് ഡിവൈ.എസ്.പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും.
പെരുമ്പാവൂര്‍ പ്രസ് ക്ലബിന്റേയും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ പതിനൊന്നിനാണ് മാര്‍ച്ച്. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ജോസഫ്,  സെക്രട്ടറി കെ.കെ അബ്ദുള്ള, ജില്ലാ പ്രസിഡന്റ് കെ.എ സൈനുദ്ദീന്‍, സെക്രട്ടറി എം.ബി പ്രസാദ്, വൈസ് പ്രസിഡന്റ് സുരേഷ് കീഴില്ലം, പെരുമ്പാവൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഷാജി പി.കെ, സെക്രട്ടറി യു.യു മുഹമ്മദ് കുഞ്ഞ്, ട്രഷറര്‍ കെ.എ നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.
എ.സി.വി ചാനല്‍ റിപ്പോര്‍ട്ടര്‍ രതീഷ് പുതുശ്ശേരിയെ കഴിഞ്ഞ മാസം 31 നാണ് ചെമ്പന്‍ സിദ്ധി എന്ന കണ്ടന്തറ കാരോത്തി  സിദ്ധിക് മര്‍ദ്ദിച്ചത്. ഇതേ  തുടര്‍ന്ന് 452-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഇതോടെ സിദ്ധിക് മുങ്ങി. സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്.
മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനാ നേതാക്കള്‍ രംഗത്തു വന്നിരുന്നു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു ജോസഫ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി സി.കെ അബ്ദുള്ള, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ഇട്ടൂപ്പ് തുടങ്ങി നിരവധിപേര്‍ പ്രതിഷേധം രേഖപ്പെടുത്തി.

മംഗളം 7.09.2012

No comments: