Thursday, September 6, 2012

സനല്‍കുമാറിന് അംഗീകാരം; ജയകേരളം സ്‌കൂളിന് അഭിമാനം


പെരുമ്പാവൂര്‍: അദ്ധ്യാപകദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അദ്ധ്യാപക അവാര്‍ഡ് ഭൗമശാസ്ത്ര ഗവേഷകനായ വി സനല്‍ കുമാറിന്. എറണാകുളം മേഖലയിലെ മികച്ച അദ്ധ്യാപകര്‍ക്കുള്ള ബഹുമതി നേടിയ സനല്‍കുമാര്‍ പുല്ലുവഴി ജയകേരളം സ്‌കൂളിന് അഭിമാനമായി. 
1997 മുതല്‍ ഈ സ്‌കൂളിലെ പ്ലസ് ടു വിഭാഗത്തില്‍ പഠിപ്പിയ്ക്കുന്ന ഇദ്ദേഹത്തിന് നാളുകള്‍ക്ക് മുമ്പ് മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. പാലക്കാട് ജില്ലയിലെ വെങ്കിനാട് രാജ്യത്തിന്റെ ഭൂമിശാസ്ത്ര വിശകലനം എന്ന വിഷയത്തില്‍ പ്രൊഫ. ഡോ. ചൗഡയ്യ ശിക്ഷണത്തിലായിരുന്നു ഗവേഷണം. പ്രാചീന ചരിത്ര പുരാവസ്തു വിശകലനത്തില്‍ ഡോ. ശെല്‍വകുമാര്‍, ശിലാ ലിഖിത വിശകലനത്തില്‍ ഡോ. എം.ആര്‍ രാഘവ വാര്യര്‍, ഡോ. എം.ജി.എസ് നാരായണന്‍ തുടങ്ങിയ ചരിത്ര പണ്ഡിതന്മാരുടെ ശിഷ്യത്വവും ഇദ്ദേഹം തേടിയിരുന്നു. 
വിദ്യാഭ്യാസകാലത്ത് ചിറ്റൂര്‍ ഗവ. കോളജ് യൂണിയന്‍ ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സനല്‍കുമാറിന് സ്‌കൗട്ടിംഗില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കാലടി സംസ്‌കൃത  സര്‍വ്വകലാശാലയില്‍ ഒരു വര്‍ഷത്തോളം അദ്ധ്യാപകനായിരുന്നു.
ദൂരദര്‍ശനിലും ആനുകാലികങ്ങളിലും നിരവധി ഗവേഷണ വിഷയങ്ങള്‍ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനാണ് ഈ അദ്ധ്യാപകന്‍. ദേശീയ അന്താരാഷ്ട്ര സെമിനാറുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള സനല്‍കുമാറിന്റേതായി ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള ആറ് പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. 
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് നെന്മേനി സ്വദേശിയാണ് സനല്‍കുമാര്‍. ഭാര്യ: ബീന കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എഞ്ചിനീയറിങ്ങ് കോളജില്‍ അദ്ധ്യാപിക. മക്കള്‍: ഋഷികേശ്, ഐശ്വര്യ.

മംഗളം 06.09.2012

No comments: