പെരുമ്പാവൂര്‍: വന്‍ടൂറിസം പദ്ധതി നടപ്പാക്കാനിരിക്കെ ഒക്കല്‍ തുരുത്തില്‍ അനധികൃത റോഡ് നിര്‍മ്മാണം. പുഴ മണ്ണിടിച്ച് നികത്തി മണല്‍ മാഫിയായുടെ പിന്‍ബലത്തോടെയാണ് റോഡ് നിര്‍മ്മിയ്ക്കുന്നത്.
പഴയ കടവ് തുരുത്ത് ചപ്പാത്തില്‍ നിന്ന് തുരുത്തിനോട് ചേര്‍ന്ന് 350 മീറ്റര്‍ റോഡ് നിര്‍മ്മിച്ചു കഴിഞ്ഞു. മണല്‍കൊള്ളക്കാരുടെ സഹായത്തോടെ കരിങ്കല്ലും മെറ്റിലും ഇറക്കിയാണ് ഇത്. ടൂറിസം പദ്ധതി വരുംമുമ്പ് തന്നെ തുരുത്തിനോട് ചേര്‍ന്ന വന്‍ മണല്‍ ശേഖരം കടത്തുകയാണ് ലക്ഷ്യം.
ടൂറിസം വികസനത്തിനായി കണ്ടെത്തിയ സര്‍ക്കാര്‍ പുറംമ്പോക്കിലൂടെയുള്ള റോഡ് നിര്‍മ്മാണം. അധികൃതരുടെ ഒത്താശയോടെയാണെന്ന് തുരുത്ത് സംരക്ഷണ സമിതി ഭാരവാഹികള്‍ അരോപിയ്ക്കുന്നു.
പെരിയാറിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന 60 ഏക്കര്‍ ഭൂപ്രദേശമാണ് ഒക്കല്‍തുരുത്ത്. ഇവിടെ മുപ്പതോളം വീട്ടുകാര്‍ താമസമുണ്ട്. പതിനഞ്ച് ഏക്കറോളം ഭൂമി ഈ താമസക്കാരുടേതാണ്. ഇവരെ നിലനിര്‍ത്തി ബാക്കിയുള്ള 45 ഏക്കറില്‍ ഘട്ടം ഘട്ടമായി വിനോദ സഞ്ചാര വികസന പദ്ധതി നടപ്പാക്കാന്‍ ധാരണയായിട്ടുണ്ട്.
പാറക്കടവില്‍ നിന്ന് പുതിയ പാലം നിര്‍മ്മിയ്ക്കുന്നതുള്‍പ്പെടെ നൂറു കോടി രൂപയുടേതാണ് പദ്ധതി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 90 കോടി രൂപയും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ബാക്കിയുള്ള 10 കോടി രൂപയും പദ്ധതിയ്ക്കായി ലഭിയ്ക്കും. ഇത് ഉപയോഗിച്ച് തുരുത്തില്‍ വൃക്ഷതൈകള്‍ വച്ചുപിടിപ്പിയ്ക്കുന്നതോടൊപ്പം ബോട്ടു ക്ലബ്, സിമ്മിംഗ് പൂള്‍, സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള കോട്ടേജുകള്‍ തുടങ്ങിയവ നിര്‍മ്മിയ്ക്കാനാണ് തീരുമാനം.
പദ്ധതി നടപ്പാക്കുന്നതിന് സര്‍വ്വേ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ഇവിടെ അനധികൃതമായി റോഡ് നിര്‍മ്മിയ്ക്കുന്നത്. തുരുത്തു നിവാസികള്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ടൂറിസം പദ്ധതിയെത്തന്നെ അട്ടിമറിച്ചേക്കാവുന്ന റോഡ് നിര്‍മ്മാണത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നാണ് തുരുത്ത് സംരക്ഷണ സമിതിയുടെ ആവശ്യം. ഇത് ഗ്രാമപഞ്ചായത്ത് അധികൃതരേയും ജില്ലാ കളക്ടറേയും അറിയിച്ചിട്ടുണ്ട്.
മംഗളം
No comments:
Post a Comment