പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, September 20, 2012

കുറുപ്പംപടി ഡയറ്റിലെ മരങ്ങള്‍ വെട്ടിക്കടത്തല്‍; ജില്ലാ പഞ്ചായത്ത് അന്വേഷണം തുടങ്ങിവെട്ടിക്കടത്തിയ തടി മുഴുവന്‍ തിരിച്ചെത്തിച്ച് ലേലം ചെയ്യും

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര (ഡയറ്റ്) ത്തിന്റെ വളപ്പില്‍ നിന്ന് ഹര്‍ത്താല്‍ ദിനത്തില്‍ അനധികൃതമായി മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അന്വേഷണം തുടങ്ങി.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഡയറ്റിലെ മരം മുറിയ്ക്കലിനെ സംബന്ധിച്ച് അന്വേഷിയ്ക്കാന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സോമന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.എ ഷാജഹാന്‍ എന്നിവരാണ് ഇന്നലെ ഡയറ്റിലെത്തിയത്. 
കാമ്പസ് ഹരിതവത്കരിയ്ക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നുവരുന്നതിന്നിടയില്‍, തേക്കും മാവും ഉള്‍പ്പടെ എട്ടോളം മരങ്ങള്‍ ഹര്‍ത്താല്‍ ദിനത്തില്‍ മുറിച്ച് മാറ്റിയത് കഴിഞ്ഞ ദിവസം മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇലക്ട്രിക് ലൈനും ഭീഷണിയായ മരങ്ങളാണ് മുറിച്ചതെന്ന് അന്വേഷണത്തിനെത്തിയവര്‍ കണ്ടെത്തി. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള മരങ്ങള്‍  മുറിയ്ക്കുമ്പോള്‍ പാലിയ്‌ക്കേണ്ട ചട്ടങ്ങള്‍ പാലിയ്ക്കാതെയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയതെന്ന് കെ.കെ സോമന്‍ മംഗളത്തോട് പറഞ്ഞു. മരങ്ങള്‍ വെട്ടുന്നതിന് മുമ്പ് ജില്ലാപഞ്ചായത്തിന്റെ അനുമതി തേടുകയോ, ടെന്റര്‍ നടപടികള്‍ സ്വീകരിയ്ക്കുകയോ ചെയ്തിട്ടില്ല.
അതുകൊണ്ടു തന്നെ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രാഥമിക അന്വേഷണത്തിനെത്തിയവര്‍ വ്യക്തമാക്കി. മുറിച്ചുവിറ്റ തടി മുഴുവന്‍ ഡയറ്റില്‍ തിരിച്ചുകൊണ്ടുവരണമെന്നും അവ നിയമാനുസരണം ലേലം ചെയ്യണമെന്നും  നിര്‍ദ്ദേശം നല്‍കിയതായും വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.
ഡയറ്റ് ഓഫീസിനു മുന്നില്‍ തണല്‍ പരത്തി നിന്ന പ്ലാവിന്റെ കൊമ്പുള്‍പ്പടെ മുറിച്ച് വിറ്റു. ഈ തണലില്‍ നിരവധി ക്ലാസുകള്‍ നടക്കാറുള്ളതാണ്. വളപ്പിലെ ഇരട്ടമാവിന്റെ കൂറ്റന്‍ കൊമ്പും അക്കേഷ്യായും മുറിച്ച് വിറ്റവയില്‍ പെടുന്നു.
പി.ടി.എ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ സുതാര്യമായാണ് മരങ്ങള്‍ വെട്ടിയതെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നുണ്ടെങ്കിലും ഡയറ്റിലെ ഇതര ഉദ്യോഗസ്ഥരോ അദ്ധ്യാപകരോ തടിവില്‍പനയ്ക്ക് ശേഷമാണ് സംഭവത്തെ കുറിച്ച് അറിയുന്നത്. അതുകൊണ്ടു തന്നെ ഡയറ്റിന് അകത്തും പുറത്ത് നാട്ടുകാര്‍ക്ക് ഇടയിലും പ്രതിഷേധം വ്യാപകമാണ്.

മംഗളം 20.09.2012

No comments: