Friday, September 14, 2012

ശക്തമായ മഴ: മേയ്ക്കപ്പാലയില്‍ വീട് തകര്‍ന്നു



വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു

പെരുമ്പാവൂര്‍: ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ മഴയില്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ മേയ്ക്കപ്പാലയില്‍ വീട് തകര്‍ന്നു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊമ്പനാട് വില്ലേജില്‍ മേയ്ക്കപ്പാല കളപ്പുരക്കുടി കെ.എ കുഞ്ഞുമോന്റെ വീടാണ് തകര്‍ന്നത്. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞതിനാല്‍ ആളപായമുണ്ടായില്ല.
കുഞ്ഞുമോന്‍, ഭാര്യ കാര്‍ത്തു, മകന്‍ അഖില്‍, മരുമകള്‍ അജീഷ, ഇവരുടെ മകള്‍ രണ്ടുവയസുകാരി ദേവിക എന്നിവര്‍ സംഭവസമയം വീടിന് അകത്തുണ്ടായിരുന്നു. മേല്‍ക്കൂര ഞെരിയുന്ന ശബ്ദം കേട്ടപ്പോള്‍ തന്നെ എല്ലാവരും പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ അജീഷ ഗര്‍ഭിണിയാണ്.
പതിനഞ്ച് വര്‍ഷത്തോളം പഴക്കമുള്ള ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു വീണിട്ടുണ്ട്. അകത്തുണ്ടായിരുന്ന ടി.വി ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങളും നശിച്ചു. വീട് തകര്‍ന്നതോടെ കൂലിപ്പണിക്കാരായ ഈ കുടുംബത്തിന് കയറിക്കിടക്കാന്‍ ഇടമില്ലാതായി.
വീട് തകര്‍ന്നത് അറിഞ്ഞ് വേങ്ങൂര്‍ നാലാം വാര്‍ഡ് മെമ്പര്‍ കോരക്കുഞ്ഞ് ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. വില്ലേജ് അധികൃതരും എത്തിയിരുന്നു.

മംഗളം 14.09.2012

No comments: