Saturday, September 22, 2012

കൂടാലപ്പാട് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം ജീവനൊടുക്കി


 പെരുമ്പാവൂര്‍: കൂവപ്പടി കൂടാലപ്പാട് ഭാഗത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം ജീവനൊടുക്കി.
കൂടാലപ്പാട് വലിയവീട്ടില്‍ ദിലീപ് (42) ആണ് ഭാര്യ രേവതിയെ വാക്കത്തിയ്ക്ക് വെട്ടി പരുക്കേല്‍പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരുക്കേറ്റ രേവതി എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.45 നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇടവൂരില്‍ ഗുരുദേവ സമാധിദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ഭാര്യയെ അവിടെ നിന്ന് വിളിച്ചുകൊണ്ടു വന്ന ശേഷമായിരുന്നു ഭര്‍ത്താവിന്റെ ആക്രമണം.
അനുജന്‍ സജി താമസിയ്ക്കുന്ന തറവാട് വീടിന് മുന്നിലെത്തിയപ്പോള്‍ ദിലീപ് കയ്യില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഭാര്യയെ തുരുതുരാ വെട്ടുകയായിരുന്നു. വെട്ടേറ്റ് രേവതിയുടെ വലതു കൈ അറ്റുപോയ നിലയിലാണ്. തോളിനും തലയിലും ചെവിയിലും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. 
ഓടിക്കൂടിയ നാട്ടുകാര്‍ രേവതിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ ദിലീപ് വീടിന് അകത്തുകയറി വാതിലടച്ചു. സംഭവമറിഞ്ഞ് കോടനാട് പോലീസ് സ്ഥലത്ത് എത്തി. എന്നാല്‍, വീടിന് അകത്തുകയറിയ ദിലീപ് വിഷം കഴിയ്ക്കുകയായിരുന്നു. ബലമായി വാതില്‍ തുറന്ന പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 
മരംവെട്ടു തൊഴിലാളിയാണ് ദിലീപ്. ഭാര്യയെ പറ്റിയുള്ള സംശയമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.  ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. രുഗ്മ, ലക്ഷ്മി. ദിലീപിന്റെ സംസ്‌കാരം പിന്നീട്.

മംഗളം 22.09.2012

No comments: