പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, September 1, 2012

മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു; പ്രതിഷേധം വ്യാപകം


പെരുമ്പാവൂര്‍: മാധ്യമ പ്രവര്‍ത്തകനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചതിനെതിരെ വ്യാപക പ്രതിഷേധം..
എ.സി.വി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ രതീഷ് പുതുശ്ശേരി (30) യ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നിനാണ് സംഭവം. കണ്ടന്തറ കാരൂത്തി വീട്ടില്‍ സിദ്ധിക് (39) എന്നയാള്‍ രതീഷിന്റെ കൈപിടിച്ച് വളയ്ക്കുകയും മുഖത്ത് കല്ലിനിടിയ്ക്കുകയുമാണ് ചെയ്തത്. രതീഷിനെ കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം സംഘടിപ്പിച്ച ഹര്‍ത്താലിനോടനുബന്ധിച്ച്  കണ്ടന്തറ ബ്രാഞ്ച് കമ്മിറ്റിയംഗം കൂടിയായ സിദ്ധിക്കിന്റെ നേതൃത്വത്തില്‍  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡരികിലെ ബാനറുകള്‍ വലിച്ചു കീറുന്ന ദൃശ്യം രതീഷ് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. രതീഷിനെ ആക്രമിയ്ക്കാനും ക്യാമറ പിടിച്ചുവാങ്ങാനും ഇയാള്‍ അന്നു തന്നെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ മറ്റു പ്രവര്‍ത്തകരും നേതാക്കളും ഇടപെട്ട് അതില്‍ നിന്ന് പിന്തിരിപ്പിച്ചു.
ഇന്നലെ ഓഫീസിലെത്തിയ ഇയാള്‍ അസഭ്യവര്‍ഷം ചൊരിയുകയും ഈ കൈകൊണ്ട് ഇനി നീ ക്യാമറ പിടിയ്ക്കരുതെന്ന് ആക്രോശിയ്ക്കുകയും ചെയ്തുകൊണ്ടാണ് മര്‍ദ്ദിച്ചതെന്ന് രതീഷ് നല്‍കിയ പരാതിയിലുണ്ട്.
മാധ്യമ പ്രവര്‍ത്തകനു നേരെ നടന്ന അക്രമത്തിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് കീഴില്ലം, പെരുമ്പാവൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് പി.കെ ഷാജി, സെക്രട്ടറി യു.യു മുഹമ്മദ് കുഞ്ഞ്, ട്രഷറര്‍ കെ.ഇ നൗഷാദ്  തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

മംഗളം 01.09.2012

No comments: