പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, September 20, 2012

താടിയെല്ലുകള്‍ക്ക് അപൂര്‍വ്വരോഗം ബാധിച്ച വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു

പ്രിന്‍സ് കാലുകള്‍ തളര്‍ന്ന
പിതാവിനൊപ്പം.
 

പെരുമ്പാവൂര്‍: താടിയെല്ലുകള്‍ക്ക് അപൂര്‍വ്വരോഗം ബാധിച്ച വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു.
ഐമുറി തേലക്കാടന്‍ ദേവസിയുടെ മകന്‍ പ്രിന്‍സ് (16) ആണ് കാരുണ്യം തേടുന്നത്.
ജന്മനാ രോഗലക്ഷണമുണ്ടായിരുന്ന പ്രിന്‍സ് അന്നുമുതലേ ചികിത്സ നടത്തിവരുന്നുണ്ട്. താടിയെല്ലുകള്‍ക്ക് അമിതമായ വളര്‍ച്ചയാണ് പ്രിന്‍സിന്റെ രോഗം. ഇപ്പോള്‍ വായ് തുറക്കാനോ ഭക്ഷണം കഴിയ്ക്കാനോ സാധിക്കാത്ത അവസ്ഥയാണ്.
എറണാകുളം സിറ്റി ഹോസ്പിറ്റല്‍, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായി പ്രിന്‍സിന് മൂന്ന് ശസ്ത്രക്രിയകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. എന്നിട്ടും കാര്യമായ മാറ്റമുണ്ടായില്ല. ഇപ്പോള്‍ ചികിത്സിയ്ക്കുന്ന ഇടപ്പിള്ളി കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്. തുടര്‍ച്ചയായി രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയാല്‍ താടിയെല്ലുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ആറുമണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ശസ്ത്രക്രിയകള്‍ക്കും തുടര്‍ചികിത്സയ്ക്കുമായി നാലു ലക്ഷത്തോളം രൂപ വേണം.
അരയ്ക്ക് താഴെ തളര്‍ന്ന പിതാവ് ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇത്ര വലിയ തുക സമാഹരിയ്ക്കുവാന്‍ ഈ കുടുംബത്തിനാവില്ല. 
ഈ സാഹചര്യത്തില്‍ പ്രിന്‍സിന്റെ ചികിത്സാ ചെലവിലേയ്ക്ക് ഫണ്ട് ശേഖരയ്ക്കുന്നതിനായി മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍, ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് പോള്‍ ഉതുപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ പൗലോസ്, ഐമുറി പള്ളിവികാരി ഫാ. വറുഗീസ് പുളിയ്ക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സഹായിയ്ക്കാന്‍ മനസുള്ളവര്‍ക്ക് സമിതി, ഫെഡറല്‍ ബാങ്കിന്റെ കുറുപ്പംപടി ശാഖയില്‍ തുറന്നിട്ടുള്ള അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിയ്ക്കാം. അക്കൗണ്ട് നമ്പര്‍ 12910100127543. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847877520 എന്ന നമ്പറില്‍ ബന്ധപ്പെടാം.

മംഗളം 20.09.2012


No comments: