പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, September 26, 2012

ഡി.സി.സി പ്രസിഡന്റിനെതിരെ പ്രതിഷേധം; എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ എന്‍.ജി.ഒ സമ്മേളനത്തിലേയ്ക്ക് ഇരച്ചുകയറി


പെരുമ്പാവൂര്‍: ഗുരുനിന്ദ നടത്തിയ ഡി.സി.സി പ്രസിഡന്റിന് കരിങ്കൊടി കാട്ടാന്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിലേയ്ക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞതോടെ കാര്യങ്ങള്‍ ഉന്തും തള്ളിലേയ്ക്കും വഴിമാറി. പോലീസെത്തിയതോടെയാണ് സംഘര്‍ഷം ശമിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. സമ്മേളനത്തിന് അദ്ധ്യക്ഷത വഹിയ്ക്കാന്‍ ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസ് എത്തുമെന്ന് അറിഞ്ഞാണ് പരിപാടി നടക്കുന്ന ഫാസ് ഓഡിറ്റോറിയത്തിലേയ്ക്ക് എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. മുദ്രാവാക്യങ്ങളുമായി ഇരച്ചുകയറിയ ഇവരെ അസോസിയേഷന്‍ പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളോടെ നേരിടുകയായിരുന്നു. അതോടെ ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി.
വി.ജെ പൗലോസ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രകടനക്കാര്‍ പിന്തിരിഞ്ഞു. ടൗണില്‍ പ്രകടനം നടത്തി പ്രതിഷേധം പ്രകടിപ്പിച്ചു.
എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ യൂണിയന്‍ ഓഫീസിന് മുന്നില്‍ നിന്ന് തുടങ്ങിയ പ്രകടനത്തിന് യൂണിയന്‍ സെക്രട്ടറി എ.ബി ജയപ്രകാശ്, വൈസ്പ്രസിഡന്റ് സി.കെ കൃഷ്ണന്‍, യോഗം കൗണ്‍സിലര്‍ സജിത് നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മംഗളം 26.09.2012

No comments: