Saturday, September 22, 2012

കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍


പെരുമ്പാവൂര്‍: കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍. എ.എസ് നാരായണ അയ്യര്‍ 1938-ല്‍ സ്ഥാപിച്ച സ്‌കൂളാണ് ഇത്. 
ആലാട്ടുചിറയ്ക്കും പെരുമ്പാവൂരിനും ഇടയ്ക്ക് വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന കാലഘട്ടത്തില്‍ നീണ്ട അഞ്ചു വര്‍ഷത്തെ പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് അന്നത്തെ ദിവാന്‍ സര്‍.സി.പി രാമസ്വാമി അയ്യര്‍ സ്‌കൂളിന് അനുമതി നല്‍കിയത്. ഏഴു ക്ലാസുകളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്.
ബ്രിട്ടീഷ് ഭരണമായതിനാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളായാണ് അനുമതി ലഭിച്ചത്. ഇന്ത്യ സ്വതന്ത്രമായതിനുശേഷമാണ് ഗണപതിവിലാസം മലയാളം മാധ്യമത്തിലേയ്ക്ക് മാറുന്നത്. 
നാരായണയ്യരുടെ മകന്‍ എന്‍ പത്മനാഭ അയ്യര്‍ 48-ല്‍ അദ്ധ്യാപകനായി ചേര്‍ന്നതോടെയാണ് സ്‌കൂളിന് വലിയ മാറ്റങ്ങള്‍ ഉണ്ടായത്. 51-ല്‍ ഗണപതിവിലാസം ഹൈസ്‌കൂളായി. 57-ല്‍ പ്രധാന അദ്ധ്യാപകനായി മാറിയ പത്മനാഭ അയ്യര്‍ തന്നെയാണ് സ്‌കൂളിന്റെ ചരിത്രത്തില്‍ നീണ്ടകാലം ആ പദവി വഹിച്ചത്. 
എന്നാല്‍, സ്‌കൂള്‍ നടത്തിപ്പ് ശ്രമകരമായതിനെത്തുടര്‍ന്ന് പത്മനാഭഅയ്യര്‍ കൂവപ്പടിയിലെ പ്രശസ്തമായ പറമ്പികുടുംബത്തിന് ഉടമസ്ഥത കൈമാറി. 
പോള്‍ വാള്‍ട്ടില്‍ ദേശീയ, അന്തര്‍ ദേശീയ ജേതാവായ എം.എ വറുഗീസ്, ദേശീയ പോള്‍വാള്‍ട്ട് താരം ബൈജു വി.എം, കേരള ഫുട്‌ബോള്‍ ടീം അംഗമായിരുന്ന പോളി റാഫേല്‍, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. സീതാരാമന്‍, തുടങ്ങിയവരൊക്ക ഈ സ്‌കൂളിന്റെ സംഭാവനകളാണ്.
ഇടക്കാലത്ത് ചില തര്‍ക്കങ്ങളും വ്യവഹാരങ്ങളും സ്‌കൂളിന്റെ പുരോഗതിയ്ക്ക് തടസമായെങ്കിലും കഴിഞ്ഞ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിച്ചിരുന്നു.
അനേക വര്‍ഷം അദ്ധ്യാപക പരിശീലകനായിരുന്ന കെ.എം പൗലോസാണ് ഇപ്പോള്‍ പ്രധാന അദ്ധ്യാപകന്‍. മാനേജര്‍ മംഗളാംബാളും പി.ടി.എ പ്രസിഡന്റ് അര്‍ജുനന്‍പിള്ളയും സ്‌കൂള്‍ ഭരണത്തിന് നേതൃത്വം വഹിയ്ക്കുന്നു.  ജോയി ജോസഫ് നെടുംകണ്ടത്തില്‍ ചെയര്‍മാനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളിലാണ് ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍. 

മംഗളം 22.09.2012

No comments: