Monday, September 24, 2012

ജാതി പറയുന്നത് അഭിമാനമായി കാണണം: വെള്ളാപ്പിള്ളി


പെരുമ്പാവൂര്‍: ജാതി പറയുന്നതില്‍ കുറച്ചില്‍ വേണ്ടെന്നും അത് അഭിമാനമായി കാണണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. ഒരു ഗണകന്‍ ഈഴവനോ ഈഴവന്‍ നായരോ ആകാന്‍ പോകുന്നില്ല. അതിനാല്‍ തന്നെ സ്വന്തം ജാതി പറയാതിരിയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. കേരള ഗണക സമുദായ സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന ഗണക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ഐക്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും എസ്.എന്‍.ഡി.പി തയ്യാറാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സംഘടിത ശക്തിയ്ക്ക് മാത്രം സാമൂഹ്യനീതി ലഭിയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതുകൊണ്ടുതന്നെ ഹൈന്ദവ സമുദായങ്ങള്‍ സംഘടിത ശക്തിയായി മാറണമെന്നും വെള്ളാപ്പിള്ളി നിര്‍ദ്ദേശിച്ചു. ഗണക സമുദായ സഭ സംസ്ഥാന പ്രസിഡന്റ് ഒ.എം മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. 
എം.എല്‍.എമാരായ സാജുപോള്‍, ജോസഫ് വാഴയ്ക്കന്‍, പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്‍ ജോഷി, ഗുജറാത്ത് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ മുകുന്ദന്‍ കുറുപ്പ്, കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം തുളസി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മന്ത്രി കെ.എം ബാബു രാവിലെ ഉദ്ഘാടനം ചെയ്തു. 
കണിയാന്‍, കണിശു, കളരിക്കുറുപ്പ്, കളരിപ്പണിയ്ക്കര്‍ തുടങ്ങിയ വിവിധ അവാന്തര വിഭാഗങ്ങളില്‍ പെട്ടവരെ ഒന്നിപ്പിയ്ക്കുകയായിരുന്നു  സംഗമത്തിന്റെ ലക്ഷ്യം.

മംഗളം 24.09.2012

1 comment:

PMBM FOUNDATION said...

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍?