പെരുമ്പാവൂര്‍: പരിചയമുള്ളവരും ഇല്ലാത്തവരുമായി നൂറുകണക്കിനാളുകള്‍ കനിവുകാട്ടിയിട്ടും ദുരിതങ്ങളുടെ തീരാക്കടല്‍ നീന്തിക്കയറാന്‍ വിജയനായില്ല. എന്‍.ജി.ഒ അസോസിയേഷന്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പ് വിജയന് വിധിച്ചത് അന്ത്യയാത്ര.
ഒന്നിന് പിറകെ മറ്റൊന്നായി പിടിമുറുക്കുന്ന ദുരന്തങ്ങളില്‍ വഴിമുട്ടി ഒരു കുടുംബം. വിധിയോട് മല്ലിട്ട് പിടിച്ചു നിന്ന ഗൃഹനാഥന്‍ കൂടി രോഗ കിടക്കയിലായതോടെ പ്രതിസന്ധിയിലായിപ്പോയ ഈ നാലംഗ കുടുംബത്തിന്റെ കഥ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രായമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ കീഴില്ലം ചെമ്പകമഠത്തില്‍ വിജയന്‍ (47) ആണ് പാന്‍ക്രിയാസ് തകരാറുമൂലം വീണുപോയത്. മൂന്ന് ലക്ഷം രൂപയോളം ചെലവുവരുന്ന അടിയന്തിര ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
ഇത്രവലിയ തുക സമാഹരിക്കാന്‍ നിരന്തരം ദുരിത ജീവിതം അനുഭവിക്കുന്ന ഈ കുടുംബത്തിന് കഴിയുമായിരുന്നില്ല. വിജയന്റെ മൂത്ത മകള്‍ ലോലിത (15) ജന്മനാ ചലനവൈകല്യമുള്ള കുട്ടിയാണ്. ഒന്നരവയസായിട്ടും കുഞ്ഞ് നടക്കാതെ വന്നതോടെയാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. അന്നുതൊട്ട് ലോലിത ചികിത്സയിലാണ്. പ്രതിദിനം അഞ്ഞൂറു രൂപയോളം മുടക്കി ഫിസിയോ തെറാപ്പി ചെയ്യണം.
രണ്ടാമത്തെ കുട്ടി രോഹിണി (9) ക്ക് ബുദ്ധിമാന്ദ്യമുണ്ട്. സ്‌പെഷ്യല്‍ സ്‌കൂളില്‍ കുട്ടിയെ ചേര്‍ത്തെങ്കിലും സാഹചര്യങ്ങള്‍ അനുവദിക്കാത്തതിനാല്‍ ഈ കുട്ടിയെ തൊട്ടുചേര്‍ന്നുള്ള സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി. രോഹിണിയുടെ ചികിത്സക്കും വലിയ തുക വേണം.
ഈ ദുരിതങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്ലൈവുഡ് കമ്പനി ജീവനക്കാരനായ വിജയന് ഒമ്പത് വര്‍ഷം മുമ്പ് ഒരു അപകടം പറ്റുന്നത്. കമ്പനിയിലെ യന്ത്രസാമഗ്രികള്‍ക്കിടയില്‍പ്പെട്ട് ഇയാളുടെ കൈവിരലുകള്‍ അറ്റുപോയി. അതോടെ വിജയന് ജോലിയൊന്നും ചെയ്യാന്‍ കഴിയാതെയായി. പ്ലൈവുഡ് കമ്പനി ഉടമയുടെ ഔദാര്യംകൊണ്ട് അവിടെത്തന്നെ തുടരാന്‍ കഴിഞ്ഞെങ്കിലും ലഭിക്കുന്ന തുച്ഛവരുമാനം ഒന്നിനും തികഞ്ഞിരുന്നില്ല. അതിനിടയിലാണ് വിജയന്‍ വീണ്ടും രോഗക്കിടക്കയിലായത്.
ഭര്‍ത്താവിനും കുട്ടികള്‍ക്കും ഉണ്ടായ ദാരുണാവസ്ഥയില്‍ പകച്ചു പോയി വിജയന്റെ ഭാര്യ ചന്ദ്രിക. കുട്ടികളേയും ഭര്‍ത്താവിനേയും വീട്ടിലിട്ട് ഒരു ജോലിക്കും പോകാന്‍ പറ്റാത്ത അവസ്ഥ.. കുടുംബത്തിന് യാതൊരു വരുമാനവും ഇല്ല. സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമില്ലാത്ത ഈ കുടുംബം ഒരു വാടക വീട്ടിലാണ് കഴിയുന്നത്.
ഈ ഘട്ടത്തിലാണ് നാട്ടുകാര്‍ സഹായവുമായി മുന്നോട്ടു വന്നത്. വിജയന്റ കുടുംബത്തെ സഹായിക്കുന്നതിനായി വാര്‍ഡുമെമ്പര്‍ എ.കെ ഷാജി ചെയര്‍മാനായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു. അതുവഴി അഞ്ചു ലക്ഷം രൂപയോളം ലഭിച്ചതായി സമിതി കണ്‍വീനര്‍ മോഹന്‍ദാസ് അറിയിച്ചു. ഇതിനു പുറമെ എന്‍.ജി.ഒ അസോസിയേഷന്‍ സൗജന്യമായി വീടിന്റെ നിര്‍മ്മാണവും തുടങ്ങി.
ഇതിനിടെ ശസ്ത്ര ക്രിയയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വന്ന വിജയന് വയറ്റില്‍ കടുത്ത അള്‍സര്‍ ബാധിക്കുകയായിരുന്നു. വാര്‍ക്ക നടന്ന ഞായറാഴ്ച പാതിരാത്രിയോടെയായിരുന്നു വിജയന്റെ അന്ത്യം. നിരാലംബയായ ഒരു അമ്മയും വൈകല്യങ്ങളുള്ള രണ്ടു പെണ്‍കുട്ടികളും ഇനി ഒറ്റയ്ക്ക്.
മംഗളം 5.11.2013
No comments:
Post a Comment