പെരുമ്പാവൂര്‍: കുളമ്പുരോഗം പടര്‍ന്നുപിടിച്ച് കന്നുകാലികള്‍ കൂട്ടത്തോടെ ചാവുന്നു.
രായമംഗലം പഞ്ചായത്തില്‍ നെല്ലിമോളം പാറയ്ക്കല്‍ വി ശശിധരന്റെ അഞ്ച് കന്നുകുട്ടികളാണ് രണ്ടു ദിവസംകൊണ്ട് വീണ് മരിച്ചത്. ഒരു വയസില്‍ താഴെയുള്ളവയാണ് ഇവയെല്ലാം. എഴ് ദിവസം മാത്രം പ്രായമുള്ള പശുക്കിടാവും ഇതില്‍പ്പെടും. ഇതിനുപുറമെ രായമംഗലം തൊഴുത്തുങ്കല്‍പ്പറമ്പില്‍ രവിയുടേയും ഇതേ പ്രദേശത്തുള്ള മറ്റൊരു വീട്ടിലും കന്നുകാലി ചത്തിട്ടുള്ളതായി അറിയുന്നു. ഇതിനുപുറമെ പുല്ലുവഴി ജയകേരളം ഭാഗത്തും കുളമ്പുരോഗം പടര്‍ന്നുപിടിക്കുന്നതായാണ് സൂചന.
ശശിധരന്റെ കന്നുകാലി ഫാമിലെ പതിനെട്ട് പശുക്കളില്‍ അഞ്ചെണ്ണമാണ് ചത്തത്. അവശേഷിക്കുന്നവയ്ക്കും രോഗബാധയുണ്ട്. ചത്ത കന്നുകാലികള്‍ക്കെല്ലാം പ്രതിരോധകുത്തിവയ്പ്പ് എടുത്തിരുന്നവയാണെന്ന് ഫാം ഉടമ മംഗളത്തോടു പറഞ്ഞു. സുനന്ദിനി, എച്ച്.എസ്, ജേഴ്സി തുടങ്ങിയ മുന്തിയ ഇനം കന്നുകാലികളാണ് ഈ ഫാമിലുള്ളത്. പ്രതിദിനം രാവിലെ എണ്‍പതോളം ലിറ്ററും ഉച്ചകഴിഞ്ഞ് നാല്‍പ്പതോളം ലിറ്ററും പാല് ലഭിച്ചിരുന്നതാണ്.
രോഗബാധയുണ്ടായപ്പോള്‍ത്തന്നെ വളയന്‍ചിറങ്ങര മൃഗാശുപത്രിയില്‍ അറിയിച്ചിരുന്നു. അവിടെ നിന്നും ഡോ. വീണാ മേരി എബ്രഹാമും തുടര്‍ന്ന് കാഞ്ഞൂര്‍ വെറ്റിനറി സര്ജ്ജന് ഡോ സജീവ് കുമാറും എത്തി ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ എറണാകുളം വെറ്റിനറി മെഡിക്കല്‍ സംഘം സ്ഥലത്തെത്തി രക്ത സാമ്പിളുകള്‍ എടുത്ത് മടങ്ങിയിട്ടുണ്ട്.
നെല്ലിമോളത്തുള്ള കാളച്ചന്തയില്‍ നിന്നാണ് രോഗം പടരുന്നതെന്ന് ഇതിനിടെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇവിടേക്ക് അന്യ സംസ്ഥാനത്തുനിന്നുള്ള നൂറുകണക്കിന് ഉരുക്കളെയാണ് കൊണ്ടുവരുന്നത്.
മംഗളം 3.11. 2013
No comments:
Post a Comment