Saturday, November 2, 2013

ഐ ഗ്രൂപ്പ് പരസ്പരം മത്സരിച്ചു; പി പി അവറാച്ചന്‍ പ്രസിഡന്റ്

മുടക്കുഴ സഹകരണ ബാങ്ക്


പെരുമ്പാവൂര്‍: കോണ്‍ഗ്രസ് (ഐ)യ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ള മുടക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പോരടിച്ചത് ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍. ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇവിടെ  തെരഞ്ഞെടുപ്പ് ഉണ്ടാകുന്നത്.
നിലവിലെ ബാങ്ക് പ്രസിഡന്റ് പി.പി അവറാച്ചന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഐ ഗ്രൂപ്പിലെ പ്രമുഖനായ ഇദ്ദേഹത്തിനെതിരെ അതേ ഗ്രൂപ്പിലെ പി.ഒ ബെന്നി രംഗത്ത് വന്നത് ഗ്രൂപ്പിനുള്ളിലെ പോര് പുറത്താകാന്‍ ഇടയായി. എ ഗ്രൂപ്പ് അംഗങ്ങളായ ജോബി മാത്യു, സനല്‍ ടി, ദീപ പറമ്പി എന്നിവര്‍ക്കൊപ്പം ഐ ഗ്രൂപ്പുകാരനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ എ ടി അജിത് കുമാറും അവറാച്ചനെതിരെ വോട്ടു രേഖപ്പെടുത്തിയതോടെ ബെന്നിക്ക് ലഭിച്ചത് അഞ്ച് വോട്ടുകള്‍.
അതേസമയം, എ ഗ്രൂപ്പിന്റെ ഇ വി വിജയന്‍ അനുകൂലമായി വോട്ടു ചെയ്തതിനാല്‍ പി.പി അവറാച്ചന് പരുക്കില്ലാതെ രക്ഷപ്പെടാനായി. അതല്ലെങ്കില്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ നില വരുമായിരുന്നു.
ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഐ ഗ്രൂപ്പില്‍ ചേരിപ്പോര് സൃഷ്ടിച്ചതെന്ന് അവറാച്ചനെതിരെ രംഗത്തു വന്നവര്‍ പറയുന്നു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെ പോലും വെല്ലുവിളിക്കുന്ന നിലപാടുകളുണ്ടായെന്നും കണ്‍വീനര്‍ നിര്‍ദ്ദേശിച്ച ജോഷി തോമസ്, ടി.കെ സണ്ണി തുടങ്ങിയവര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.
ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പി.പി അവറാച്ചനെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സണ്ണി ടി.പി ക്ക് പുറമെ ലിന്‍സണ്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂടി രംഗത്തുണ്ടായിരുന്നു. ഗ്രൂപ്പിനുള്ളിലെ വൈരവും ചേരിപ്പോരും മുടക്കുഴയില്‍ അനുദിനം ശക്തിപ്പെടുകയാണെന്നാണ് സൂചന.

മംഗളം 2.11.2013

No comments: