പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, November 9, 2013

മുടക്കുഴയിലെ അംഗന്‍വാടിയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപടര്‍ന്നു; വന്‍ദുരന്തം ഒഴിവായി

പെരുമ്പാവൂര്‍: മുടക്കുഴ ഗ്രാമപഞ്ചായത്ത് തൃക്കേപ്പാറ അംഗന്‍വാടിയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നു. നാട്ടുകാരും ജീവനക്കാരും സന്ദര്‍ഭോചിതമായി ഇടപെട്ടതിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി.
പതിനൊന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന അംഗന്‍വാടിയില്‍ ഇന്നലെ രാവിലെ 10.30 നാണ് അപകടമുണ്ടാവുന്നത്. തീ ആളിയതോടെ അംഗന്‍വാടി വര്‍ക്കര്‍ സുലോജനയും ഹെല്‍പ്പര്‍ സുനിതയും ചേര്‍ന്ന് കുട്ടികളെ ധൃതഗതിയില്‍ പുറത്തേക്ക് മാറ്റി. അംഗന്‍വാടിക്ക് സമീപമുണ്ടായിരുന്ന നാട്ടുകാര്‍ വെള്ളമൊഴിച്ചും മറ്റും തീകെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ നാട്ടുകാരിലൊരാള്‍ സാഹസികതയോടെ റെഗുലേറ്റര്‍ ഓഫ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും അതിനു മുമ്പ് നാട്ടുകാര്‍ തീയണച്ചിരുന്നു.
പതിമൂന്ന് വര്‍ഷമായി അറ്റകുറ്റപ്പണികളൊന്നും ചെയ്യാത്ത ഈ അംഗന്‍വാടി 12-ാം വാര്‍ഡിലാണ്. വാര്‍ഡ് പ്രതിനിധി പഞ്ചായത്ത് പ്രസിഡന്റ് ടി.എ സുനുമോളാണ്. എന്നാല്‍, ഇവിടേക്ക് ഇതേവരെ വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ പോലും എടുത്തിട്ടില്ല. തീ പടര്‍ന്നപ്പോള്‍ അതു കെടുത്താന്‍ വെള്ളത്തിനു വേണ്ടി നാട്ടുകാര്‍ക്ക് പരക്കംപായേണ്ടി വന്നു. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്.
ഗ്യാസ് സിലിണ്ടറിന് ചോര്‍ച്ചയുണ്ടാവാനിടയായ സാഹചര്യം കണ്ടെത്തണമെന്നും അംഗന്‍വാടിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

മംഗളം 9.11.2013

No comments: