പെരുമ്പാവൂര്‍: നിരോധനം കാറ്റില്‍പറത്തി അനധികൃത പാറമടകളുടെ പ്രവര്‍ത്തനം നാടെങ്ങും സജീവം. വന്‍ പാറമട ദുരന്തത്തിന് സാക്ഷ്യം വഹിച്ച വെങ്ങോലയിലും പെരിയാറിന്റെ തീരത്ത് വനാതിര്‍ത്തികളിലും അംഗീകാരമില്ലാത്ത പറമടകള്‍ ഉദ്യോഗസ്ഥ ഒത്താശയോടെ പ്രവര്‍ത്തിക്കുകയാണ്.
അറയ്ക്കപ്പടി വില്ലേജില്‍ മൈനിംഗ് ലൈസന്‍സോ പഞ്ചായത്ത് അനുമതിയോ പാറഖനനത്തിന് വേണ്ട രേഖകളോ ഇല്ലാതെയാണ് പാറമടകളുടെ പ്രവര്‍ത്തനം. വെടിയുപ്പും ഇലക്ട്രിക് ഡിറ്റണേറ്റുകളും ഉപയോഗിച്ച് നൂറുകണക്കിന് സ്ഫോടനങ്ങളാണ് പ്രതിദിനം ഇവിടെ നടക്കുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളും സ്ഥാപനങ്ങളും പാറമട ഭീഷണിയുടെ നിഴലിലാണ്. ഭിത്തികള്‍പൊട്ടിയും മേല്‍ക്കൂരകള്‍ തകര്‍ന്നും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ പതിവാണ്.
റോഡുകളെല്ലാം പറമടകള്‍ മൂലം തകര്‍ന്നു. മുപ്പതും നാല്പതും ടണ്‍ഭാരമുള്ള ടോറസ് വാഹനങ്ങളുടെ പാറകയറ്റിപ്പായല്‍ മൂലമാണിത്. 45 ലക്ഷം രൂപ മുടക്കി അറയ്ക്കപ്പടി മുതല്‍ റബര്‍പാര്‍ക്ക് വരെ നിര്‍മ്മിച്ച റോഡ് പൂര്‍ണ്ണമായി തകര്‍ന്നു.
പാറമടയില്‍ നിന്നുള്ള പൊടിപടലങ്ങള്‍ മൂലം നാട്ടുകാര്‍ക്ക് ശ്വാസം മുട്ടലും അലര്‍ജി രോഗങ്ങളുമാണ്.
നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ പാറമടകളുടെ പ്രവര്‍ത്തനത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമെന്ന് പ്രസിഡന്റ് കെ.ഇ റഷീദും ഭാരവാഹികളായ എം.എം സുധീര്‍, സി.വൈ അന്‍സാര്‍ എന്നിവരും അറിയിച്ചു.
സര്‍ക്കാരിന്റെ മര്‍ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പാണംകുഴിയില്‍ പെരിയാറിന്റെ തീരത്ത് വന അതിര്‍ത്തിയിലാണ് പാറ ഖനനം. ഗുണ്ടാ മഫിയകളുടെ ഒത്താശയോടെയാണിത്.
യാതൊരു മുന്‍കരുതലുകളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടയുടെ ലൈസന്‍സ് പഞ്ചായത്തുകമ്മിറ്റി റദ്ദു ചെയ്തിരുന്നു. എന്നിട്ടും പാറമടയുടെ പ്രവര്‍ത്തനം തുടര്‍ന്നു.
ജനജീവിതം ദുരിതമയമാക്കുന്ന ഈ പാറമടയുടെ പ്രവര്‍ത്തനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ജനകീയ സമരവുമായി മുന്നോട്ടുപോകാനാണ് പരിപാടിയെന്ന് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അശ്വരാജ് പോള്‍, തങ്കച്ചന് ആലിയാട്ടുകുടി, പ്രിന്‍സ് മാത്യു, അഡ്വ. അരുണ്‍ ബേസില്‍, രഞ്ജിത് മത്തായി, ദിലീപ് ജോര്‍ജ്, അരുണ്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
മംഗളം 10.11.2013
No comments:
Post a Comment