Wednesday, November 6, 2013

ലിഫ്റ്റ് ഇറിഗേഷന്‍ ലെയ്‌നില്‍ ചെളി വന്നടിഞ്ഞു; കപ്രിക്കാട്, ചേരാനല്ലൂര്‍ മേഖലകളില്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

പെരുമ്പാവൂര്‍: ലിഫ്റ്റ് ഇറിഗേഷന്‍ ലെയ്‌നില്‍ വെള്ളപ്പൊക്കത്തേ തുടര്‍ന്ന് ചെളി വന്നടിഞ്ഞതിനാല്‍ പമ്പിംഗ് മുടങ്ങി. ഇതോടെ കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കപ്രിക്കാട്, ചേരാനല്ലൂര്‍ മേഖലയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. 
കപ്രിക്കാട് ലിഫ്റ്റ് ഇറിഗേഷനിലും ചേരാനല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷനിലുമാണ് ചെളി അടിഞ്ഞതുമൂലം  പമ്പിംഗ് മുടങ്ങിയത്. ഇതോടെ ആയിരക്കണക്കിന് ഏക്കര്‍ മുണ്ടകന്‍ കൃഷി ചെയ്യാന്‍ പറ്റാത്ത സ്ഥിതി വിശേഷമായെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ പൗലോസ് ചൂണ്ടിക്കാട്ടുന്നു. 
പമ്പിംഗ് പുനരാംഭിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സംബന്ധിച്ച് സാജുപോള്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് സഭയില്‍ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനം ആയില്ല. ലെയ്‌നില്‍ നിന്ന് ചെളി മാറ്റി പമ്പിംഗ് പുനരാരംഭിക്കുന്നതിനൊ സമാന്തര ജലസേചന സംവിധാനം ഏര്‍പ്പെടുത്തുന്നതിനൊ ഫണ്ട് എവിടെനിന്നു കണ്ടെത്തും എന്നതാണ് പഞ്ചായത്ത് അധികൃതരെ വലയ്ക്കുന്ന പ്രശ്‌നം.
ലെയ്‌നിലെ ചെളി നീക്കം ചെയ്യാന്‍ പുഴയില്‍ ഇറങ്ങേണ്ടി വരും. അതുകൊണ്ടുതന്നെ തൊഴിലുറപ്പു പദ്ധതി പ്രകാരം വനിത തൊഴിലാളികളെ ഉപയോഗിച്ച് ഈ പ്രവര്‍ത്തി നടത്താനാവില്ല. തൊഴിലുറപ്പിന്റെ തുച്ഛമായ കൂലിയില്‍ ജോലി ചെയ്യാന്‍ പുരുഷന്മാരായ തൊഴിലാളികള്‍ക്ക് താല്‍പര്യവുമില്ല.
പഞ്ചായത്ത് ഫണ്ട് ഇതിനുവേണ്ടി ഉപയോഗിക്കണമെങ്കില്‍ ഡി.പി.സിയുടെ  അംഗീകാരം വേണം. അതിന് ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരും.
ഈ സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ സത്വര നടപിടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.

മംഗളം 06.11.2013


No comments: