പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, November 5, 2013

രായമംഗലം ഗ്രാമപഞ്ചായത്തിന് സൗജന്യമായി കിട്ടിയ ആംബുലന്‍സ് ഓടിക്കാനാളില്ല; പഞ്ചായത്ത് മെമ്പര്‍ ഡ്രൈവറായി

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിന് സൗജന്യമായി ലഭിച്ച ആംബുലന്‍സ് ഓടിയ്ക്കാന്‍ ആളില്ലാത്തതിനാല്‍ പഞ്ചായത്ത് മെമ്പര്‍ ഡ്രൈവറായി. മെമ്പര്‍ വണ്ടിയെടുത്തത് തന്നോട് ആലോചിക്കാതെയെന്ന് പ്രസിഡന്റ്.
ഞായറാഴ്ച രാത്രി അങ്കമാലി ആശുപത്രിയില്‍ മരിച്ച കീഴില്ലം ചെമ്പകമഠത്തില്‍ വിജയന്റെ മൃതദേഹം കൊണ്ടുവരുന്നതിന് വേണ്ടിയാണ് ആംബുലന്‍സിന്റെ സേവനം തേടിയത്. പുലരും വരെ തുടര്‍ച്ചയായി വിളിച്ചിട്ടും ഇരുപത്തിനാലു മണിക്കൂറും സേവനം നല്‍കേണ്ട ഡ്രൈവര്‍ ഫോണ്‍ എടുത്തില്ല. ഇതേ തുടര്‍ന്ന് എട്ടാം വാര്‍ഡ് മെമ്പര്‍ എ.കെ ഷാജി പഞ്ചായത്തിലെ ജീപ്പ് ഡ്രൈവറുടെ സഹായത്തോടെ  ആംബുലന്‍സിന്റെ താക്കോല്‍ സംഘടിപ്പിച്ചാണ് വാഹനം എടുത്തത്. 
പ്രമുഖ വ്യവസായി ശശിധരന്‍ കര്‍ത്തയാണ് മൂന്നു മാസങ്ങള്‍ക്ക് മുമ്പ് രായമംഗലം ഗ്രാമപഞ്ചായത്തിന് ആംബുലന്‍സ് നല്‍കിയത്. നിര്‍ദ്ധന രോഗികളെ സഹായിക്കാന്‍ അഞ്ചു ലക്ഷം രൂപയും നല്‍കി. ആംബുലന്‍സിന് ഡ്രൈവറെ ഏര്‍പ്പെടുത്തേണ്ട ചുമതല പഞ്ചായത്തിനായിരുന്നു.
പഞ്ചായത്ത് ഒരു ഡ്രൈവറെ ഏര്‍പ്പെടുത്തിയെങ്കിലും ഇതേ വരെ ശമ്പളം നല്‍കിയിട്ടില്ല. രണ്ടു മാസം ശമ്പളം കിട്ടാതെ ജോലിചെയ്ത ഡ്രൈവര്‍ തനിക്കിനി ജോലി തുടരാന്‍ ബുദ്ധിമുട്ടാണ് എന്ന് അറിയിച്ചിരുന്നു.
ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും എന്നിരിക്കെ പഞ്ചായത്ത് മെമ്പര്‍ രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണ് ആംബുലന്‍സ് ഓടിക്കാന്‍ സ്വയം തയ്യാറായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് മംഗളത്തോട് പറഞ്ഞു. മെമ്പര്‍ക്ക് പഞ്ചായത്ത് വക വാഹനം എടുക്കാന്‍ അവകാശമില്ലെന്നും അങ്ങനെ ചെയ്യുംമുമ്പ് തന്നോടോ സെക്രട്ടറിയോടോ അനുമതി തേടുക പോലും ചെയ്തിട്ടില്ലെന്നും പ്രസിഡന്റ് പറയുന്നു.

മംഗളം 5.11.2013


No comments: