പെരുമ്പാവൂര്‍: പോലീസിനെ രാത്രി വിളിച്ചുവരുത്തി കയ്യേറ്റം ശ്രമിച്ചതിന്റെ പേരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ കേസ്.
രായമംഗലം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബേയ്‌സ് പോളിനെതിരെയാണ് കുറുപ്പംപടി പോലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം.
വായ്ക്കര മേഖലയില്‍ ചീട്ടുകളിയും മദ്യപിച്ച് ബഹളമുണ്ടാക്കലും നടക്കുന്നുവെന്ന സന്ദേശം എസ്.ഐയുടെ സെല്‍ ഫോണിലേക്ക് പലവട്ടം എത്തി. തിരിച്ചുവിളിക്കുമ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരിക്കും. അതിനാല്‍ത്തന്നെ പോലീസ് സംഘം ഇവിടേക്ക് പോകാന്‍ കൂട്ടാക്കിയില്ല.
ഒടുവില്‍ മെമ്പര്‍ ബേയ്‌സ് പോള്‍ തന്നെ ഈ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്ന് അംഗ പോലീസ് സംഘം ജീപ്പില്‍ വായ്ക്കരയില്‍ എത്തുന്നത്. ഇവരെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലുള്ള മുപ്പതോളം പേര്‍ തടയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വാഹനത്തിന് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
കൂടുതല്‍ പ്രകോപനമുണ്ടാക്കാതെ മടങ്ങിയ പോലീസ് വാര്‍ഡ് മെമ്പറെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു. കൃത്യ നിര്‍വ്വഹണത്തിന് തടസ്സമുണ്ടാക്കിയതിന്റേയും പൊതുമുതല്‍ നശിപ്പിച്ചതിന്റേയും പേരിലാണ് കേസ്.
ചീട്ടുകളി സംഘങ്ങളെ പിടികൂടാന്‍ പോലീസ് ഈ ഭാഗത്ത് തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്തിയതും പിടിയിലായ ചിലരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മെമ്പര്‍ ഇടപെട്ടത് അവഗണിക്കുകയും ചെയ്തതാണ് പോലീസിനു നേരെയുണ്ടായ കയ്യേറ്റത്തിനുള്ള കാരണമെന്നാണ് സൂചന.
മംഗളം 5.11.2013
No comments:
Post a Comment