Thursday, November 7, 2013

പെരുമ്പാവൂര്‍ മേഖലയില്‍ കുളമ്പ് രോഗം പടര്‍ന്ന് കന്നുകാലികള്‍ ചത്തുവീഴുന്നു

ക്ഷീരകര്‍ഷകര്‍ ജപ്തി ഭീഷണിയില്‍


കുളമ്പുരോഗം ബാധിച്ച മൃഗങ്ങളുള്ള വീടുകള്‍ കന്നത്തുനാട്
 എം.എല്‍.എ വി.പി സജീന്ദ്രനും സംഘവും സന്ദര്‍ശിച്ചപ്പോള്‍      

പെരുമ്പാവൂര്‍: മേഖലയില്‍ കുളമ്പ് രോഗം പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് കന്നുകാലികള്‍ ചത്തുവീഴുന്നു. ഇതോടെ ക്ഷീരകര്‍ഷകര്‍ കടുത്ത ആശങ്കയിലായി.
വാഴക്കുളം ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ ചെമ്പറക്കി പള്ളത്തുകുടി മുഹമ്മദ് സിയാദിന്റെ വീട്ടിലെ ഏഴ് പശുക്കിടാക്കളും 20 ലിറ്റര്‍ പാല്‍ കറക്കുന്ന പശുവും കുളമ്പുരോഗം ബാധിച്ച് ചത്തു. രായമംഗലം ഗ്രാമപഞ്ചായത്തില്‍ നെല്ലിമോളം പാറയ്ക്കല്‍ വി ശശിധരന്റെ  അഞ്ച് കന്നുകുട്ടികള്‍ രണ്ടു  ദിവസംകൊണ്ട്  വീണ് മരിച്ചിരുന്നു. ഒരു വയസില്‍ താഴെയുള്ളവയാണ് ഇവയെല്ലാം. എഴ് ദിവസം മാത്രം പ്രായമുള്ള പശുക്കിടാവും ഇതില്‍പ്പെടും. ഇതിനുപുറമെ രായമംഗലം തൊഴുത്തുങ്കല്‍പ്പറമ്പില്‍ രവിയുടേയും ഇതേ പ്രദേശത്തുള്ള മറ്റൊരു വീട്ടിലും കന്നുകാലി ചത്തിട്ടുള്ളതായി അറിയുന്നു.
വാഴക്കുളം ചിറയത്ത് സിദ്ധിഖിന്റെ വീട്ടിലേയും വാടകക്ക് താമസിക്കുന്ന വറുഗീസിന്റെ വീട്ടിലേയും പശുക്കള്‍ക്കും രോഗബാധയുണ്ട്. ഇതിനുപുറമെ പുല്ലുവഴി ജയകേരളം ഭാഗത്തും കുളമ്പുരോഗം പടര്‍ന്നുപിടിക്കുന്നതായാണ് സൂചന.
പഞ്ചായത്തിലെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് ജേതാവായ സിയാദിന്റെ ഫാമിലെ 20 പശുക്കള്‍ക്കും രോഗബാധയുണ്ട്. ക്ഷീരവൃദ്ധിയാണ് സിയാദിന്റെ ഏക വരുമാനമാര്‍ഗം. വാഴക്കുളം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും നാലു ലക്ഷം രൂപയും കാത്തലിക് സിറിയന്‍ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപയും വായ്പ എടുത്തു തുടങ്ങിയതാണ് സിയാദിന്റെ ഫാം. കുളമ്പുരോഗ ബാധയെ തുടര്‍ന്ന് ഈ കര്‍ഷകന്‍ ഇപ്പോള്‍ ജപ്തി ഭീഷണി നേരിടുകയാണ്. 
ശശിധരന്റെ കന്നുകാലി ഫാമിലെ പതിനെട്ട് പശുക്കളില്‍ അഞ്ചെണ്ണമാണ് ചത്തത്. അവശേഷിക്കുന്നവയ്ക്കും രോഗബാധയുണ്ട്.  സുനന്ദിനി, എച്ച്.എസ്, ജേഴ്‌സി തുടങ്ങിയ മുന്തിയ ഇനം കന്നുകാലികളാണ് ഈ ഫാമിലുള്ളത്. പ്രതിദിനം രാവിലെ എണ്‍പതോളം ലിറ്ററും ഉച്ചകഴിഞ്ഞ് നാല്‍പ്പതോളം ലിറ്ററും പാല്‍ ലഭിച്ചിരുന്നതാണ്. 
രോഗബാധയുണ്ടായപ്പോള്‍ത്തന്നെ വളയന്‍ചിറങ്ങര മൃഗാശുപത്രിയില്‍ അറിയിച്ചിരുന്നു. അവിടെ നിന്നും ഡോ. വീണാ മേരി എബ്രഹാമും തുടര്‍ന്ന് കാഞ്ഞൂര്‍ വെറ്റിനറി സര്‍ജ്ജന്‍ ഡോ സജീവ് കുമാറും എത്തി ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എറണാകുളം വെറ്റിനറി മെഡിക്കല്‍ സംഘം സ്ഥലത്തെത്തി രക്ത സാമ്പിളുകള്‍ എടുത്തിരുന്നു.
വാഴക്കുളം പഞ്ചായത്തില്‍ കുളമ്പുരോഗം ബാധിച്ച മൃഗങ്ങളുള്ള വീടുകള്‍ കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എച്ച് അബ്ദുള്‍ ജബ്ബാര്‍, വൈസ് പ്രസിഡന്റ് ഐഷ അബൂബക്കര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ദേവസി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ് സുധീര്‍, മണ്ഡലം പ്രസിഡന്റ് എ.എസ് നസീര്‍, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ അനില്‍കുമാര്‍, തമ്പി, വാര്‍ഡ് പ്രസിഡന്റ് കെ.ഐ അബ്ദുള്‍ ജബ്ബാര്‍ സന്ദര്‍ശിച്ചു.


മംഗളം 7.11.2013

No comments: