Friday, November 22, 2013

കപ്രിക്കാട് ലിഫ്റ്റ് ഇറിഗേഷന്‍ പ്രതിസന്ധിയില്‍; ചെളിയും മണ്ണും അടിഞ്ഞതിനാല്‍ പമ്പിങ്ങ് മുടങ്ങും

പെരുമ്പാവൂര്‍: പുഴയില്‍ അടിഞ്ഞ മണ്ണും ചെളിയും മാറ്റാത്തതിനാല്‍ കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കപ്രക്കാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രതിസന്ധിയില്‍. യഥാവിധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തിനാല്‍ ഈ വര്‍ഷവും പമ്പിങ്ങ് തടസ്സപ്പെടുമെന്ന് സൂചന.
അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കുവേണ്ടി 35 ലക്ഷം രൂപയോളം അനുവദിച്ചെങ്കിലും തുക ഇവിടെ ചെലവഴിക്കപ്പെട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ലീഡിങ്ങ് ചാനല്‍ താഴ്ത്തി സൈഡ് കെട്ടി ശരിയാക്കുന്നതിന് ഏഴു ലക്ഷം രൂപ അനുവദിച്ചെങ്കിലും അതും ഉപയോഗിച്ചിട്ടില്ല. നാട്ടുകാരില്‍ നിന്നു പിരിച്ചെടുത്ത തുക ഉപയോഗിച്ചാണ് കഴിഞ്ഞവര്‍ഷം ലീഡിംഗ് ചാനലിലെ മണ്ണും ചെളിയും നീക്കിയത്. പതിനേഴായിരം രൂപ മുടക്കിയതിനുശേഷമാണ് മുടങ്ങിയ പമ്പിംഗ് പുനരാംഭിക്കാന്‍ കഴിഞ്ഞത്. 
ഈ വര്‍ഷവും ഏകദേശം പത്തടിയോളം ഉയരത്തില്‍ മണ്ണു ചെളിയും അടിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വര്‍ഷവും പമ്പിംഗ് മുടങ്ങും. അതോടെ കുടിവെള്ള ക്ഷാമവും കൃഷിനാശവും വ്യാപകമാകുമെന്നും നാട്ടുകാര്‍ പറയുന്നു.
അമ്പതു വര്‍ഷം മുമ്പു തുടങ്ങിയ ഈ പദ്ധതിയുടെ ദുരവസ്ഥ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ലീഡിംഗ് ചാനലില്‍ നിന്ന് ചെളിമാറ്റിയും മോട്ടോര്‍പുരയുടെ നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിച്ചും പദ്ധതി കാര്യക്ഷമമാക്കുന്നില്ലെങ്കില്‍ കര്‍ശനമായ സ മരപരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

മംഗളം 22.11.2013

No comments: