പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, November 15, 2013

കുറുപ്പംപടിയില്‍ 12 കോടി മുടക്കി വ്യാപാരസമുച്ചയം


രായമംഗലം ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ്‌കെ.കെ മാത്തുകുഞ്ഞ് പത്രസമ്മേളനത്തില്‍ അറിയിച്ചു. അതോടൊപ്പം തന്നെ 12 കോടി രൂപ മുടക്കി കുറുപ്പംപടി ബസ് സ്റ്റാന്റില്‍ വിഭാവനം ചെയ്യുന്ന വ്യാപാരസമുച്ചയത്തിന്റെ 
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും പ്രസിഡന്റ് അറിയിച്ചു.
ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഏതെങ്കിലും ഒരു സാമൂഹ്യ സുരക്ഷാ  പെന്‍ഷന്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനുവേണ്ടി വാര്‍ഡ് തലത്തില്‍ സമഗ്രമായ സര്‍വ്വെ നടത്തി അര്‍ഹരായ മുഴുവന്‍ പേരുടേയും അപേക്ഷകള്‍ സമാഹരിക്കും.  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും ഇത്.
പത്തുവര്‍ഷം കൃഷി വേല ചെയ്ത 60 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് കര്‍ഷക തൊഴിലാളി പെന്‍ഷനും പഞ്ചായത്തിലെ 60 പിന്നിട്ടവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷനും നല്‍കാന്‍ പദ്ധതിയുണ്ട്. 40 ശതമാനമെങ്കിലും ശാരീരിക മാനസിക വൈകല്യമുള്ളവര്‍ക്കും പെന്‍ഷന്‍ ലഭിക്കും. അവിവാഹിതരായ 50 വയസിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കും വിധവകള്‍ക്കും പെന്‍ഷന് അപേക്ഷിക്കാം. 60 പൂര്‍ത്തിയായ കര്‍ഷകര്‍ക്കും പെന്‍ഷന്‍ കിട്ടും.
റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്,  ഫോട്ടോ എന്നിവ എല്ലാ അപേക്ഷകരും സമര്‍പ്പിക്കണം. ഇതിനു പുറമെ ഓരോ പെന്‍ഷനുകള്‍ക്കും പ്രത്യേകം സാക്ഷ്യ പത്രങ്ങളും ഹാജരാക്കേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ക്ക്   വാര്‍ഡു മെമ്പര്‍മാരുമായി ബന്ധപ്പെട്ടാല്‍ മതിയാവുമെന്ന് പ്രസിഡന്റ് വിശദീകരിച്ചു.
വ്യാപാര സമുച്ചയത്തിന് വേണ്ടി ആദ്യഘട്ടത്തില്‍ ആറു കോടിയാണ് മുടക്കുക. ഇതിനുള്ള തുക ഗ്രാമവികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയായി ലഭിക്കും. നൂറു കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന അണ്ടര്‍ ഗ്രൗണ്ട് നില ഉള്‍പ്പടെ ആദ്യം മൂന്നു നിലകള്‍ നിര്‍മ്മിക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ കെട്ടിട നിര്‍മ്മാണം തുടങ്ങും.
എ.എം റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഷോപ്പ് അവിടെ നിന്ന് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോടതിയുടെ പ്രവര്‍ത്തനം കുറുപ്പംപടിയില്‍ വൈകാതെ തുടങ്ങുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. രണ്ടാഴ്ച പിന്നിട്ട പരിസ്ഥിതി പ്രവര്‍ത്തകരുടെ സമരം അനാവശ്യമാണെന്നും തങ്ങള്‍ പുതിയ ഒരു കമ്പനിക്കും അനുമതി നല്‍കിയിട്ടില്ലെന്നും കെ.കെ മാത്തുക്കുഞ്ഞ് കൂട്ടി ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് അംബികാ മുരളീധരന്‍, മെമ്പര്‍ സജി പടയാട്ടില്‍ എന്നിവരും പങ്കെടുത്തു.

മംഗളം 15.11.2013

No comments: