പെരുമ്പാവൂര്‍: വന്‍തുക നഷ്ടപരിഹാരം മുന്നില്‍ കണ്ട് ആലുവ-മൂന്നാര്‍ റോഡില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച ബഹുനില കെട്ടിടം അപകടക്കെണിയൊരുക്കുന്നതായി പരാതി.
ടൗണില്‍ നിന്ന് രണ്ടു കിലോ മീറ്റര്‍ മാറി ചീയംകുളം ഭാഗത്താണ് കെട്ടിടം. ദേശീയ പാതയുടെ വികസനത്തിനായി അളന്നു തിരിച്ചിട്ടിരിക്കുന്ന പുറമ്പോക്ക് ഭൂമിയില്‍ ഇത് അനധികൃതമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കിയ പരാതിയില്‍ പറയുന്നു. പില്ലറുകള്‍ വാര്‍ക്കാതെയും ആവശ്യത്തിന് സിമന്റും മണലും ചേര്‍ക്കാതെയും നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം റോഡ് വികസന ഘട്ടത്തില്‍ പൊളിച്ചു നീക്കുമ്പോള്‍ വന്‍തുക നഷ്ടപരിഹാരമായി നേടിയെടുക്കുകയാണ് കെട്ടിടം ഉടമയുടെ ലക്ഷ്യമെന്ന് പരാതിയിലുണ്ട്.
റോഡിന് ഏറെ വീതി കുറവുള്ള ഇവിടെ അനധികൃത നിര്‍മ്മാണം നടന്നതിനെ തുടര്‍ന്ന് അപകടങ്ങള്‍ തുടര്‍ക്കഥയായതായും നാട്ടുകാര്‍ പറയുന്നു. ഈ കെട്ടിടത്തിന് മുന്നില്‍ വില്‍പനയ്ക്കായി ഇട്ടിരിക്കുന്ന സെപ്ടിക് ടാങ്കും ടയര്‍ റീട്രേഡിങ്ങ് സ്ഥാപനത്തിനു മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന ടയറുകളും എതിര്‍വശത്തുള്ള ആക്രിക്കടയ്ക്ക് മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന പലവിധ സാധനങ്ങളും ഗതാഗതതടസ്സം സൃഷ്ടിക്കുന്നു. ഇതും അപകടസാദ്ധ്യത കൂട്ടുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം അടിയന്തിരമായി പൊളിച്ചു നീക്കണമെന്നും കെട്ടിടത്തിന് നമ്പറിട്ടു കൊടുക്കാനുള്ള രായമംഗലം ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നീക്കം തടയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ദൂരപരിധി നിയമങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍ പറത്തി നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടം പൊളിച്ചുമാറ്റുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
മംഗളം 28.11.2013
No comments:
Post a Comment