Thursday, November 7, 2013

കൂവപ്പടി കൃഷിഭവന്‍ ഓഫീസില്‍ ജീവനക്കാരില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

പെരുമ്പാവൂര്‍: കൂവപ്പടി കൃഷിഭവന്‍ ഓഫീസില്‍ വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതുമൂലം കര്‍ഷകര്‍ പ്രതിസന്ധിയിലായി.
കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ഇരുപതു വാര്‍ഡുകളിലെ കര്‍ഷകരാണ് കൃഷി ഓഫീസിലെ ജീവനക്കാരുടെ കുറവുമൂലം കഷ്ടത അനുഭവിക്കുന്നത്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കുള്ള നൂറുകണക്കിന് അപേക്ഷകള്‍ ജീവനക്കാരുടെ കുറവുമൂലം കെട്ടിക്കിടക്കുകയാണ്. കര്‍ഷകര്‍ക്കും പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങള്‍ക്കും യഥാസമയം ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കാലതാമസം ഉണ്ടാകുന്നതായി വ്യാപക പരാതിയാണ് ഉള്ളത്.
കൃഷി ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ വേണ്ട സ്ഥലത്ത് ഇപ്പോള്‍ രണ്ട് ജീവനക്കാരാണു ഉള്ളത്. ഇവര്‍ക്ക് ജോലി ഭാരം കൂടുതലുള്ളതുകൊണ്ട് ഓഫീസ് കാര്യങ്ങള്‍ പോലും ചെയ്തു തീര്‍ക്കാന്‍ കഴിയുന്നില്ല. കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ജീവനക്കാരുടെ കുറവുമൂലം യഥാസമം നല്‍കാന്‍ സാധിക്കുന്നില്ല. 
എത്രയും വേഗം ഇവിടെ ജീവനക്കാരെ നിയമിക്കണമെന്ന്  കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി അല്‍ഫോന്‍സ് മാസ്റ്റര്‍, കര്‍ഷക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി എസ്തപ്പാന്‍, ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം പ്രസിഡന്റ് സൈമണ്‍ സ്റ്റീഫന്‍ എന്നിവര്‍ കൃഷിവകുപ്പു മന്ത്രി, ഡയറക്ടര്‍, യു.ഡി.ഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എന്നിവരോട് ആവശ്യപ്പെട്ടു.
എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.

മംഗളം 7.11.2013

No comments: