പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, November 29, 2013

ഒക്കല്‍ മേഖലയിലും കുളമ്പുരോഗം പടരുന്നു; ക്ഷീര കര്‍ഷകര്‍ ആശങ്കയില്‍

 പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് മേഖലയിലും കുളമ്പുരോഗം പടര്‍ന്നുപിടിക്കുന്നു. രായമംഗലം, വാഴക്കുളം ഗ്രാമപഞ്ചായത്തുകളിലും കിഴക്കമ്പലം മേഖലയിലും ഇതിനോടകം കുളമ്പരോഗം പടര്‍ന്നു പിടിച്ചിട്ടുണ്ട്.
ഈസ്റ്റ് ഒക്കല്‍ കരോട്ടപ്പുറം കെ.ഒ ജോണിയുടെ ഫാമിലെ 22 പശുക്കളില്‍ 4 എണ്ണവും രോഗം ബാധിച്ച് ചത്തു. ഇടവൂര്‍ ചിറ്റൂപ്പറമ്പന്‍ സി.ജെ ബാബുവിന്റെ 20 കന്നുകാലികളില്‍ 2 എണ്ണവും താന്നിപ്പുഴ മാണിക്കത്താന്‍ എം.എം ജേക്കബിന്റെ 8 പശുക്കളില്‍ ഒരെണ്ണവും കാരിക്കോട് ഇടത്തലവീട്ടില്‍ ഇ.ടി ഷാജന്റെ 30 പശുക്കളില്‍ 2 എണ്ണവും ചത്തിട്ടുണ്ട്. ഈസ്റ്റ് ഒക്കല്‍ തോലാലില്‍ വീട്ടില്‍ അരുണിന്റെ ഫാമിലെ അമ്പതോളം പശുക്കള്‍ക്കാണ് രോഗബാധ.
കുളമ്പുരോഗം അതിവേഗം പടര്‍ന്നുപിടിച്ചിട്ടും മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരാരും സ്ഥലം സന്ദര്‍ശിച്ചില്ലെന്ന് ക്ഷീര കര്‍ഷകര്‍ ആരോപിച്ചു. ഈ മേഖലയില്‍ മാത്രം നൂറോളം ക്ഷീര കര്‍ഷകര്‍ പി.ഡി.ഡി.പി പാല്‍ സൊസൈറ്റിയില്‍ പാല്‍ അളക്കുന്നുണ്ട്. എന്നാല്‍ പി.ഡി.ഡി.പി സെന്‍ട്രല്‍ സൊസൈറ്റി ഭാരവാഹികളും കുളമ്പുരോഗ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും ക്ഷീര കര്‍ഷകര്‍ കുറ്റപ്പെടുത്തി.
കുളമ്പുരോഗം വ്യാപകമായതോടെ ക്ഷീര കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. വായ്പയെടുത്തും മറ്റും വാങ്ങിയ കന്നുകാലികള്‍ക്ക് കൂട്ടം മരണം സംഭവിച്ചതോടെ കര്‍ഷകര്‍ പലരും  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കന്നുകാലി വളര്‍ത്തല്‍ ഇതിനോടകംതന്നെ പലരും പൂര്‍ണ്ണമായും അവസാനിപ്പിച്ചു.
ഈ മേഖലയില്‍ രണ്ടുമാസമായി കുളമ്പുരോഗം കണ്ടുതുടങ്ങിയിട്ട്. മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവെയ്പ് നല്‍കിയ കന്നുകാലികളിലാണ് രോഗലക്ഷണങ്ങള്‍ ആദ്യമായി കണ്ടുതുടങ്ങിയതെന്ന് ക്ഷീര കര്‍ഷകര്‍ ആരോപിക്കുന്നു. വേണ്ടരീതിയില്‍ സൂക്ഷിക്കാതെ കൊണ്ടുവന്ന മരുന്ന് മൃഗങ്ങളില്‍ ഉപയോഗിച്ചതാണ് രോഗബാധക്ക് കാരണമെന്ന് ഇവര്‍ പറയുന്നു.
രോഗം ബാധിച്ച് കന്നുകാലികള്‍ക്കുള്ള ഫലപ്രദമായ ചികിത്സ സ്ഥലത്തെ മൃഗാശുപത്രികളില്‍ നിന്ന് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. രോഗം പടര്‍ന്നു പിടിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഊര്‍ജ്ജിത നടപടി കൈക്കൊള്ളണമെന്നും ക്ഷീരകര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെട്ടു.

മംഗളം 29.11.2013

No comments: