പെരുമ്പാവൂര്‍. വേങ്ങൂര്‍ പഞ്ചായത്ത് കണ്ണംപറമ്പിലെ മുഴങ്ങാഞ്ചേരിപാടത്തിനു സമീപമുള്ള ഇരുമ്പനത്ത് കടമ്പാടന്റെ റബര്‍തോട്ടത്തില്‍ നിന്നും സ്മാരകശിലകള്‍ കണ്ടെത്തി.
ചെങ്കല്ലില്‍ തീര്‍ത്ത ഒന്നിലധികം സ്മാരക ശിലകള്‍, ഇവയ്ക്ക് ചുറ്റിലുമായി ചെങ്കല്ലുകൊണ്ടുള്ള മൂന്ന് കല്ലറകള്‍, മരണമടഞ്ഞവരുടെ അവശിഷ്ടങ്ങള്‍ അടക്കിയിരുന്ന നന്നങ്ങാടികള്‍, സ്മാരകങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന പാറകൊണ്ടുണ്ടാക്കിയ വൃത്താകൃതിയിലുള്ള തൊപ്പിക്കല്ല് എന്നിവയാണ് കണ്ടെത്തിയത്.
പെരുമ്പാവൂര്‍ ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്ററിലെ ജീവനക്കാരിയായ കണ്ണംപറമ്പ് സ്വദേശിനി കണ്ണാടന്‍ സിനു സാജു വിവരം നല്‍കിയതനുസരിച്ച് സ്ഥലത്തെത്തിയ ഡയറക്ടര്‍ ഇസ്മായില്‍ പള്ളിപ്രമാണ് ഇവ മഹാശില സ്മാരകങ്ങളാണെന്നും രണ്ടായിരം വര്‍ഷത്തിലേറെ ഇവയ്ക്ക് പഴക്കമുണ്ടെന്നും പറയുന്നു. വിവരം പുരാവസ്തു വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
കുറുപ്പുംപടിയില്‍ സര്‍ക്കാര്‍ പൗള്‍ട്രിഫാമിലും ഇരവിച്ചിറ ക്ഷേത്രത്തിനു പിന്നിലും മുമ്പ് സ്മാരകശിലകള്‍ കണ്ടെത്തിയിട്ടുണ്ട്. പുരാതന കാലത്ത് ഇരുമ്പ് അയിര് ഉരുക്കുന്നതിന് വേണ്ടി പാറതുരന്നു നിര്‍മ്മിച്ച ഇരുമ്പുരക്കു ശാലകള്‍ അടുത്ത കാലത്ത് ആലാട്ടുചിറ മുണ്ടന്‍തുരത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.
No comments:
Post a Comment