ജനം നിരാശരായി മടങ്ങി
മംഗളം 23.11.2013
പെരുമ്പാവൂര്‍: നഗരസഭയിലും കുന്നത്തുനാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും പാചകവാതക കണക്ഷനുകള്‍ ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടി എത്തിയ ഉപഭോക്താക്കള്‍ നിരാശരായി മടങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതിനായി സംഘടിപ്പിച്ച ക്യാമ്പില്‍ ബാങ്ക് പ്രതിനിധികളും ഗ്യാസ് ഏജന്‍സി അധികൃതരും എത്താത്തതിനാലാണ് ഇത്.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്നലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്യാസ് ഏജന്‍സി അധികൃതര്‍ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനം. പാചകവാതക കണക്ഷനുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്താനുള്ള അവസരം കേവലം ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും വലിയ വിഭാഗം ഉപഭോക്താക്കളും തങ്ങളുടെ കണക്ഷനുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടില്ല. അത് ചെയ്യാത്തവര്‍ക്ക് സബ്‌സിഡി നല്‍കേണ്ടതില്ലെന്നാണ് പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് കണക്ഷനുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിയ്ക്കാന്‍ സൗകര്യമൊരുക്കി ക്യാമ്പുകള്‍ സംഘടിപ്പിയ്ക്കാന്‍ തീരുമാനിച്ചത്.
ഇന്നലെ കുന്നത്തുനാട് താലൂക്കില്‍ ക്യാമ്പ് സംഘടിപ്പിയ്ക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍ മുനിസിപ്പാലിറ്റിയിലും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ക്യാമ്പിന് സൗകര്യമൊരുക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഗ്യാസ് ഏജന്‍സികള്‍ക്കും ബാങ്ക് അധികൃതര്‍ക്കും വിവരം നല്‍കി. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ ചുരുങ്ങിയ പക്ഷം അക്കൗണ്ട് സംബന്ധിച്ച രേഖകള്‍ നിക്ഷേപിക്കാന്‍ ഒരു ബോക്‌സെങ്കിലും സ്ഥാപിയ്ക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
ക്യാമ്പ് സംബന്ധിച്ച അറിയിപ്പുകള്‍ പ്രമുഖ പത്രങ്ങളിലൂടെയും ലോക്കല്‍ ചാനലുകളിലൂടെയും നല്‍കുകയും ചെയ്തു. ഇതനുസരിച്ച് ഇന്നലെ നഗരസഭ ഓഫീസിലും പഞ്ചായത്ത് ഓഫീസുകളിലും നൂറുകണക്കിന് ആളുകളാണ് എത്തിയത്. പലരും ലീവെടുത്തും മറ്റുമായിരുന്നു ഇതിനു വേണ്ടി സമയം കണ്ടെത്തിയത്.
കളക്ടറുടെ നിര്‍ദ്ദേശം അവഗണിച്ച് ക്യാമ്പില്‍ നിന്ന് വിട്ടു നിന്ന ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ മംഗളത്തോട് പറഞ്ഞു.
മംഗളം 23.11.2013
No comments:
Post a Comment