പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, November 14, 2013

പഞ്ചായത്തിനു മുന്നിലെ സമരം രണ്ടാഴ്ച പിന്നിട്ടു; ഇനി സമരം കമ്പനികളുടെ മുന്നിലേയ്ക്ക്

സേവ് രായമംഗലം 
  
പെരുമ്പാവൂര്‍: സേവ് രായമംഗലം പ്രക്ഷോഭത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ പടിയ്ക്കല്‍ നടത്തിവരുന്ന സമരപരിപാടികള്‍ രണ്ടാഴ്ച പിന്നിട്ടു. ഇനി സമരം കമ്പനികള്‍ക്ക് മുന്നിലേക്കും വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചതായി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി, പഞ്ചയാത്ത് കമ്മിറ്റി ഭാരവാഹികളായ പി രാമചന്ദ്രന്‍ നായര്‍, ജിസ് എം. കോരത് എന്നിവര്‍ അറിയിച്ചു.
സര്‍ക്കാര്‍തല ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പുതുതായി അനുമതി നല്‍കിയിട്ടുള്ളതും നിരോധിക്കപ്പെട്ടിട്ടുള്ള രാത്രികാല പ്രവര്‍ത്തനം തുടരുന്നതുമായ കമ്പനികള്‍ക്ക് എതിരെയാണ്  സമരം ആരംഭിക്കുക.  പുതിയതായി നല്‍കിയ പ്ലൈവുഡ് നിര്‍മ്മാണ യുണിറ്റുകളുടെ അനുമതി പിന്‍വലിക്കുകയും രാത്രികാല പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യുംവരെ സമരം തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 20 കേന്ദ്രങ്ങളില്‍ പ്രതിക്ഷേധ ധര്‍ണകള്‍ സംഘടിപ്പിക്കും. 17 ന് പുല്ലുവഴി തായ്ക്കരചിറയില്‍ ധര്‍ണ സമരത്തിന് തുടക്കം കുറിക്കും.
പ്ലാസ്റ്റിക് വ്യവസായം കൂടി പഞ്ചായത്തില്‍ പേരുറപ്പിച്ചതോടെ മലിനീകരണം പെട്ടെന്ന് നിയന്ത്രണാതീതമാകുമെന്നതുകൊണ്ടാണ് ഇത്തരം വ്യവസായം തുടങ്ങാന്‍ അനുവദിക്കരുതെന്ന് കര്‍മ്മ സമിതി ആവശ്യപ്പെടുന്നത്.

മംഗളം 14.11.2013No comments: