പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, November 12, 2013

ഒരു ദശാബ്ദക്കാലത്തെ സേവനം; കല്ലില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എന്‍.എന്‍ കുഞ്ഞിന് ഇന്ന് യാത്രയയപ്പ്

പെരുമ്പാവൂര്‍: പത്തു വര്‍ഷത്തെ സേവനത്തിന് ശേഷം പി.ടി.എ.പ്രസിഡന്റ് സ്ഥാനത്ത് നിന്നും ചുമതല ഒഴിയുന്ന      എന്‍.എന്‍.കുഞ്ഞിന് കല്ലില്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ ഇന്ന് യാത്രയയപ്പ് നല്‍കും വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബില്‍നിന്നും ഇദ്ദേഹം പി.ടി.ഐ.യുടെ സ്‌നേഹോപഹാരം ഏറ്റുവാങ്ങും. പെരിയാര്‍വാലി അധികൃതര്‍ വിട്ടു നല്‍കിയ നാല് ഏക്കര്‍ ഭൂമിയില്‍ കളിസ്ഥലം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ഇത്.
ഇതോടനുബന്ധിച്ച് ചേരുന്ന പൊതുസമ്മേളനം ഉച്ചയ്ക്ക് 12.30-ന്  
കെ.പി. ധനപാലന്‍ എം.പി. ഉദ്ഘാടനം ചെയ്യും. സാജുപോള്‍ എം.എല്‍.എ. അധ്യക്ഷനാകും. പി.പി.തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തും. അഡീഷണല്‍ സ്‌കീല്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി നിര്‍വ്വഹിക്കും.
പിന്നോക്ക അവികസിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌ക്കൂള്‍ ഇന്ന് കോതമംഗലം വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്‌ക്കൂളായി വളര്‍ത്തുന്നതില്‍ പി.ടി.എ.യും അതിന്റെ പ്രസിഡന്റ് എന്‍.എന്‍.കുഞ്ഞും വഹിച്ച പങ്ക് അനിഷേധ്യമാണ്.
ഏഴു വര്‍ഷം തുടര്‍ച്ചയായി എസ്.എസ്.എല്‍.സിക്ക് 100% വിജയം നേടുന്ന ഈ സ്‌ക്കൂളില്‍ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ 900 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു. 
2005 ല്‍ കോതമംഗലം വിദ്യാഭ്യാസജില്ലയിലെ മികച്ച പി.ടി.ഐ.ക്കുള്ള അവാര്‍ഡും നേടിയിരുന്നു. പെരിയാര്‍വാലി നല്‍കിയ ഈ സ്ഥലത്തേക്ക് ഹയര്‍സെക്കന്ററി വിഭാഗം മാറ്റുവാനും പദ്ധതിയുണ്ട്. കെട്ടിടം പണിക്ക് 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. 1 കോടിരൂപ ലഭിച്ചാലേ ഇത് യാഥാര്‍ത്ഥ്യമാക്കാനാവൂ.
സാജുപോള്‍ എം.എല്‍.എ.യുടെ ആസ്തിവികസനഫണ്ടില്‍നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് കളിസ്ഥലം നിര്‍മ്മിക്കുന്നത്. ഇവിടെ നെല്‍കൃഷി ഔഷധസസ്യ ഉദ്യാനം നീന്തല്‍ പരിശീലനത്തിനുള്ള കുളം എന്നിവ പി.ടി.എ ലക്ഷ്യമിടുന്നുണ്ട്. 

No comments: