Thursday, May 9, 2013

ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്റ്റീല്‍ ഫര്‍ണീച്ചര്‍ യൂണിറ്റ്; ആയത്തുപടി നിവാസികള്‍ പ്രക്ഷോഭത്തിലേയ്ക്ക്


പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ ഇന്‍ഡോര്‍‌സ്റ്റേഡിയത്തില്‍ സ്റ്റീല്‍ഫര്‍ണീച്ചര്‍ യൂണിറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ ആയത്തുപടി നിവാസികള്‍ പ്രക്ഷോഭത്തിലേക്ക്. 
പത്തൊമ്പൊതാം വാര്‍ഡില്‍ മൂത്തേടം ജോര്‍ജ്ജിന്റെ പതിനഞ്ച് സെന്റ് സ്ഥലത്ത് നിര്‍മ്മിച്ചിരുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിനകത്താണ് ഫര്‍ണിച്ചര്‍ യൂണിറ്റ് തുടങ്ങുന്നത്. ഏറെ ജനസാന്ദ്രതയുള്ള പ്രദേശത്ത് ഇത്തരം ഒരു യൂണിറ്റ് വരുന്നതോടെ അന്തരീക്ഷ-ശബ്ദ-വായു മലിനീകരണത്തിലൂടെ ജനജീവിതം ദുസഹമാക്കുമെന്നാണ് പരിസരവാസികളുടെ ആശങ്ക. 
മുന്‍പ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കളിക്കാനെത്തുന്നവരുടെ ശല്യമായിരുന്നു ആളുകള്‍ക്ക്. കളിയുടെ മറവില്‍ പാതിരാത്രിയോളം ഇവിടം സാമൂഹ്യ വരുദ്ധര്‍ താവളമാക്കിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് ഇതോടുചേര്‍ന്ന് സ്ഥലം ഉടമ ഒരു കാറ്ററിംഗ് യൂണിറ്റ് തുടങ്ങി. കാറ്ററിംഗ് കഴിഞ്ഞുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും ഡിസ്‌പോസിബിള്‍ ഗ്ലാസുകളും പ്ലേറ്റുകളും ഒക്കെ ഇവിടെ കൊണ്ടുവന്ന് കത്തിയ്ക്കാന്‍ തുടങ്ങി. അതും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. 
ഏറ്റവും ഒടുവിലാണ് ഫര്‍ണിച്ചര്‍ യൂണിറ്റ് തുടങ്ങാനുള്ള നീക്കം. ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പുണ്ടായിട്ടും വാര്‍ഡ് മെമ്പര്‍ എം.ഒ ജോസ് ഫര്‍ണിച്ചര്‍ യൂണിറ്റിന് അനുമതി നല്‍കുന്നതിനായി ചരടു വലിയ്ക്കുന്നതായും ആരോപണമുണ്ട്.
ഫര്‍ണിച്ചര്‍ യൂണിറ്റിന് അനുമതി നല്‍കരുതെന്നും ഇതിനോടകം നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പരിസരവാസികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിവേദനം നല്‍കിയിട്ടുണ്ട്
ജനവിരുദ്ധ നിലപാടുകള്‍ കൈക്കൊണ്ട് നിര്‍മ്മാണ യൂണിറ്റിന് അനുമതി നല്‍കിയാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിയ്ക്കാനാണ് നാട്ടുകാരുടെ തീരുമാനം.

മംഗളം 9.05.2013



No comments: