Friday, May 24, 2013

കാരുണ്യ ഹൃദയതാളം പദ്ധതി : പ്രതിപക്ഷം പൊതു പരിപാടികളുമായി സഹകരിക്കില്ല; മുസ്ലിം ലീഗ് മെമ്പര്‍മാര്‍ സൊസൈറ്റി അംഗത്വം രാജി വയ്ക്കാന്‍ നീക്കം


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി - വാര്‍ഡ് മെമ്പര്‍ മെര്‍ലി റോയി കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്ന് രാജി വച്ചതോടെ കാരുണ്യ ഹൃദയതാളം പദ്ധതി വീണ്ടും വിവാദത്തിലേക്ക്.
പദ്ധതി നടത്തിപ്പിലെ അപാകതകളുടേയും ഇതു ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കിയതിന്റെയും പേരില്‍ പഞ്ചായത്തിലെ പൊതു പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷ തീരുമാനം. യു.ഡി.എഫ് ഭരണ സമിതിയിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗ് തങ്ങളുടെ മെമ്പര്‍മാരോട് ചാരിറ്റബിള്‍ സൊസൈറ്റി അംഗത്വം കയ്യൊഴിയാന്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചന.
കൗണ്ടര്‍ഫോയിലൊ, കൃത്യമായ ക്രമ നമ്പറൊ ഇല്ലാതെ കൂപ്പണുകള്‍ അടിച്ച് പാവപ്പെട്ടവരുടെ പേരില്‍ പഞ്ചായത്തില്‍ നടന്ന വ്യാപക പണപ്പിരിവ് ഇവിടെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം കൊടുത്ത രണ്ട് പഞ്ചായത്ത് മെമ്പര്‍മാരെയാണ് യു.ഡി.എഫ് ഭരണ സമിതി കള്ളക്കേസില്‍ കുടുക്കിയത്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം പഞ്ചായത്തില്‍ നടക്കുന്ന പൊതു പരിപാടികളില്‍ സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത്.
നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ ജേതാവായ എം.ആര്‍ ശ്രീരാജിന് ഇന്നലെ പഞ്ചായത്ത് തലത്തില്‍ സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിരുന്നു. രാവിലെ 10 നായിരുന്നു സ്വീകരണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ മെമ്പര്‍മാരായ കെ.വി വാസുദേവന്‍, അന്‍വര്‍ അലി, കെ.വി ഗോപാലകൃഷ്ണന്‍, ഷൈലജ ഷാജി, സുജ വിജയന്‍, അജിത ഷാജി, അന്നമ്മ ജോര്‍ജ്ജ് എന്നിവര്‍ രാവിലെ എട്ടരയ്ക്ക് തന്നെ ശ്രീരാജിനെ സ്വവസതിയില്‍ ചെന്ന് അനുമോദിയ്ക്കുകയായിരുന്നു. പഞ്ചായത്തില്‍ നടന്ന സ്വീകരണ സമ്മേളനം ഇവര്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. 
അതിനിടെ, പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ മുസ്ലിം ലീഗും ഇടയുകയാണ്. കാരുണ്യ ഹൃദയതാളം പദ്ധതി കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നതെങ്കില്‍ പദ്ധതിയുമായി സഹകരിക്കാതിരിക്കാനാണ് ലീഗിന്റെ തീരുമാനമെന്നറിയുന്നു. അടുത്ത ആഴ്ച ആദ്യം നടക്കുന്ന ലീഗ് യോഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാവുക.
സൊസൈറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗുമായി യാതൊരു കൂടിയാലോചനകളും നടന്നിരുന്നില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. പ്രസിഡന്റ് എം.എം അവറാന്റെ ഏകാധിപത്യ ഭരണമാണ് പഞ്ചായത്തില്‍ നടക്കുന്നത്. ജീവകാരുണ്യ പദ്ധതിയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചതെന്നായിരുന്നു തലപ്പത്തുള്ളവരുടെ വിശദീകരണം. എന്നാല്‍ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളുടെ പേരില്‍ സൊസൈറ്റി നിയമക്കുരുക്കില്‍പെടുമെന്ന് ഉറപ്പായി. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ മെര്‍ലി റോയി സൊസൈറ്റി അംഗത്വം രാജിവച്ചൊഴിഞ്ഞത്. ലീഗ് മെമ്പര്‍മാര്‍ നിയമത്തിന്റെ നൂലാമാലകളില്‍ പെടാതിരിക്കണമെങ്കില്‍ സൊസൈറ്റിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണ് നല്ലതെന്ന ഉപദേശമാണ് പാര്‍ട്ടി നേതൃത്വം നല്‍കിയിരിയ്ക്കുന്നത്.

മംഗളം 24.05.2013





No comments: