പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, May 16, 2013

തുടര്‍ച്ചയായ ഭാരവണ്ടി ഗതാഗതം തടഞ്ഞ ഗ്രാമപഞ്ചായത്ത് അംഗവും സ്ത്രീകളും ഉള്‍പ്പടെ 27 പേര്‍ അറസ്റ്റില്‍


പെരുമ്പാവൂര്‍: ജനങ്ങളുടെ സൈ്വര്യജീവിതം താറുമാറാക്കിയ തുടര്‍ച്ചയായ ഭാരവണ്ടി ഗതാഗതം തടഞ്ഞ ഗ്രാമപഞ്ചായത്ത് അംഗവും പത്തു സ്ത്രീകളും അടക്കം 27 പേര്‍ അറസ്റ്റില്‍.
മുടക്കുഴ ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, പതിനൊന്ന് വാര്‍ഡുകളില്‍ക്കൂടി കടന്നുപോകുന്ന ചുണ്ടക്കുഴി-കടുവള്ളച്ചാല്‍-അകനാട് റോഡിലൂടെയുള്ള അനിയന്ത്രിതമായ വാഹനഗതാഗതം തടഞ്ഞതിനാണ് ഗ്രാമപഞ്ചായത്ത്  അംഗം സാബു ടി.കെ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു മട്ടിമണല്‍ യൂണിറ്റില്‍ നിന്നും അഞ്ചോളം പാറമടകളില്‍ നിന്നുമാണ് ഇതു വഴി ലോറികള്‍ വരുന്നത്. ടോറസ് ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളാണ് കേവലം മൂന്നടി മാത്രമുള്ള റോഡിലൂടെ നിരന്തരം പോകുന്നത്. എല്ലാ വാഹനങ്ങളിലും അനുവദനീയമായതിലും ഏറെ അളവിലാണ് ലോഡ് എന്നും നാട്ടുകാര്‍ പറയുന്നു. അതുകൊണ്ട് തന്നെ റോഡ് ആകെ പൊട്ടിത്തകര്‍ന്നു. കാല്‍നട യാത്രക്കാര്‍ പോലും ഇതുവഴി സഞ്ചരിയ്ക്കുന്നത് പ്രാണഭയത്തോടെയായി.
ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വഴി തടഞ്ഞത്. സംഭവമറിഞ്ഞ് എത്തിയ കോടനാട് പോലീസിന്റെ മദ്ധ്യസ്ഥതയില്‍ അമിതഭാരവുമായി ഈ വഴിയ്ക്കുള്ള വാഹനഗതാഗതം സ്വയം നിയന്ത്രിയ്ക്കാമെന്ന് പാറമട ഉടമകള്‍ നാട്ടുകാരോട് സമ്മതിച്ചു. എന്നാല്‍, പിറ്റേദിവസവും ഗതാഗതത്തില്‍ യാതൊരു നിയന്ത്രണവും ഉണ്ടായില്ല.
ഇതേതുടര്‍ന്നാണ് ഇന്നലെ രാവിലെ ടി.കെ സാബുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വീണ്ടും ഭാരവണ്ടികള്‍ തടഞ്ഞത്. ഇതറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് വഴിതടഞ്ഞ 27 പേരെ അറസ്റ്റ് ചെയ്തുമാറ്റുകയായിരുന്നു. പിന്നീട് ഇവര്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചു. 
ഇടുങ്ങിയ റോഡിലൂടെയുള്ള തുടര്‍ച്ചയായ ഭാരവണ്ടികളുടെ ഗതാഗതത്തിന് എതിരെയും അനധികൃത മട്ടിമണല്‍ യൂണിറ്റിനെതിരെയും നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ജില്ലാകളക്ടര്‍ക്കും പരാതി നല്‍കുമെന്നും എന്നിട്ടും ഫലമുണ്ടാവുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും പരിസരവാസികള്‍ പറയുന്നു.


മംഗളം 16.05.2013

No comments: