പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, May 16, 2013

പെരുമ്പാവൂരില്‍ വീണ്ടും അഗ്നിബാധരണ്ട് വ്യാപാര സ്ഥാപനങ്ങള്‍  കത്തി നശിച്ചു;
ഒന്നരകോടിയുടെ നാശ നഷ്ടങ്ങള്‍

പെരുമ്പാവൂര്‍: പട്ടണത്തിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിച്ച് ഒന്നരകോടി രൂപയുടെ നാശനഷ്ടങ്ങള്‍. 
ആലുവ മൂന്നാര്‍ റോഡില്‍ സാന്‍ജോ ആശുപത്രിയ്ക്ക് എതിര്‍വശത്തുള്ള പെരുമ്പാവൂര്‍ പെയിന്റ്‌സ്, ജനറല്‍ ഇലക്ട്രിക്കല്‍സ് ആന്റ് സാനിട്ടറീസ് എന്നി സ്ഥാപനങ്ങളിലാണ് അഗ്നിബാധ ഉണ്ടായത്. ഒരുകോടി രൂപയോളം നഷ്ടമുണ്ടായതായി പെരുമ്പാവൂര്‍ പെയ്ന്റ്‌സ് ഉടമകളും  45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി  ജനറല്‍ ഇലക്ട്രിക്കല്‍സ് ഉടമകളും പറയുന്നു. വല്ലം അമ്പാടന്‍ അബ്ദുള്‍ സലാം, സുബൈര്‍, മാറമ്പിള്ളി പാറപ്പുറം കണേലി വീട്ടില്‍ സിയാദ്, കാഞ്ഞിരക്കാട് അമ്പാടന്‍ വീട്ടില്‍ ദിലീപ് എന്നിവരാണ് പെരുമ്പാവൂര്‍ പെയിന്റ്‌സിന്റെ ഉടമസ്ഥര്‍. വല്ലം അമ്പാടന്‍ വീട്ടില്‍ മുഹമ്മദ്, കോട്ടയില്‍ ബഷീര്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് ജനറല്‍ ഇലക്ട്രിയ്ക്കല്‍സ്.
ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് തീപിടുത്തമുണ്ടായത്. കടയ്ക്ക് സമീപം താമസിയ്ക്കുന്ന വീട്ടുടമസ്ഥന്‍ പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴാണ് തീയും പുകയും കണ്ടത്. ഉടന്‍ കട ഉടമസ്ഥരെ ഫോണില്‍ വിവരം അറിയിയ്ക്കുകയായിരുന്നു. 
ആദ്യം പെയിന്റ്കടയില്‍ ഉണ്ടായ അഗ്നിബാധ പിന്നീട് തൊട്ടുചേര്‍ന്ന ഇലക്ട്രിയ്ക്കല്‍ സാധനങ്ങളുടെ കടയിലേയ്ക്ക് കൂടി പടര്‍ന്നു പിടിച്ചതായാണ് കരുതുന്നത്. ഷോട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആലുവ, അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനയുടെ 10 യൂണിറ്റുകള്‍ നാലുമണിക്കൂറോളം ശ്രമിച്ചാണ് തീ കെടുത്തിയത്. 
ടൗണില്‍ 2011 ആഗസ്റ്റില്‍ എ.എം റോഡിലെ കൈതാരന്‍ ഗ്ലാസ് ആന്റ് പ്ലൈവുഡ്‌സ് എന്ന സ്ഥാപനവും ഈ വര്‍ഷം മാര്‍ച്ചില്‍ മൂലന്‍സ് ഫാമിലി മാര്‍ട്ടും കത്തിനശിച്ചിരുന്നു. അതുസംബന്ധിച്ച ദുരൂഹതകള്‍ നിലനില്‍ക്കെയാണ് ഇന്നലെ വീണ്ടും അഗ്നിബാധയുണ്ടായത്.

മംഗളം 16.05.2013

No comments: