പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, May 22, 2013

കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി രാജിവച്ചുവെങ്ങോല ഗ്രാമപഞ്ചായത്ത്

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ നിര്‍ധന രോഗികളെ സഹായിയ്ക്കാന്‍ ആവിഷ്‌കരിച്ച കാരുണ്യ ഹൃദയതാളം പദ്ധതി നടത്തിപ്പിന് വേണ്ടി രൂപീകരിച്ച സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി രാജിവച്ചു.
പഞ്ചായത്തിലെ എട്ടാം (തോട്ടപ്പാടന്‍) വാര്‍ഡ് മെമ്പര്‍ മെര്‍ലി റോയിയായണ് രാജിവച്ചത്. പദ്ധതി ക്രമക്കേടുകളുടെ പേരില്‍ വിവാദങ്ങളില്‍ കുടുങ്ങിയതോടെ, നിയമപ്രശ്‌നങ്ങളില്‍ പെടാതിരിയ്ക്കാന്‍ കുടുംബാംഗങ്ങള്‍ ഉപദേശിച്ചതനുസരിച്ചാണ്  രാജി എന്നറിയുന്നു. അതേസമയം, രണ്ടര വര്‍ഷം കഴിയുമ്പോള്‍ നല്‍കാമെന്ന് ഏറ്റിരുന്ന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് രാജിയ്ക്ക് കാരണമെന്ന് ഭരണപക്ഷത്തുള്ള ചിലരും പറയുന്നു. 
എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് മെമ്പറുടെ വിശദീകരണം. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഇവര്‍ ഫോണ്‍ കട്ടുചെയ്യുകയും ചെയ്തു.
കാരുണ്യ ഹൃദയതാളം പദ്ധതിയോട് ഭരണപക്ഷത്തുണ്ടായിരുന്ന എതിര്‍പ്പാണ് മെര്‍ളി റോയിയുടെ രാജിയോടെ മറനീക്കിയത്. ഇരുപത്തി മൂന്ന് അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് പതിനാറ് അംഗങ്ങള്‍ ഉണ്ടെങ്കിലും അവരില്‍ ഭൂരിപക്ഷത്തിനും പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളുടെ പേരില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പ്രസിഡന്റ് എം.എം അവറാന്റെ ഏകാധിപത്യമാണ് പഞ്ചായത്തിലെന്ന് ഭരണപക്ഷ അംഗങ്ങള്‍ക്ക് തന്നെ അഭിപ്രായമുണ്ട്.
കാരുണ്യ ഹൃദയതാളം പദ്ധതിയുടെ മറവില്‍ വ്യാപകമായ അനധികൃത പിരിവാണ് പഞ്ചായത്തില്‍ നടന്നത്. കൗണ്ടര്‍ഫോയില്‍ ഇല്ലാതെ, ഒരേ നമ്പറിലുള്ള കൂപ്പണുകള്‍ ഉപയോഗിച്ചായിരുന്നു പിരിവ്. സാധാരണക്കാരെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ പദ്ധതിയുടെ ഫോറത്തില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ പേരു വരെ ഉപയോഗിച്ചു. ഇതിനിടെ പദ്ധതി നടത്തിപ്പില്‍ പഞ്ചായത്തിന് ബന്ധമില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. ക്രമക്കേടുകള്‍ അന്വേഷിയ്ക്കാന്‍ എ.ഡി.എം ഉത്തരവിടുകയും ചെയ്തു.
എല്ലാം അപവാദ പ്രചരണങ്ങളാണെന്നും അവയ്‌ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്നുമായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം. പിന്നീട് ക്രമക്കേടുകള്‍ക്ക് എതിരെ പ്രകടനം നടത്തിയ പ്രതിപക്ഷ അംഗങ്ങളെ ജാമ്യം കിട്ടാത്ത കേസില്‍ പെടുത്തുകയും ചെയ്തു. അതോടെ പ്രതിഷേധവും ശക്തിപ്പെട്ടു. പിന്നീട് നടന്ന  പഞ്ചായത്ത് ഭരണസമിതി യോഗം പ്രതിഷേധത്തെ തുടര്‍ന്ന് പിരിച്ചുവിടേണ്ടി ന്നു.
പദ്ധതി നടത്തിപ്പിലെ ഉത്തരവാദിത്വത്തില്‍ നിന്ന് സെക്രട്ടറി പിന്‍മാറിയതോടെ പഞ്ചായത്തിന്റെ മറവില്‍ യു.ഡി.എഫിലെ ചില അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച കാരുണ്യ ഹൃദയതാളം ചാരിറ്റബിള്‍ സൊസൈറ്റിയാണ് പദ്ധതി നടത്തുന്നതെന്ന് വ്യക്തമായി. പ്രസിഡന്റ് എം.എം അവറാന്‍ സൊസൈറ്റി പ്രസിഡന്റും സി.എം അഷറഫ് സെക്രട്ടറിയുമാണ്. ക്രമക്കേടുകള്‍ പുറത്തുവന്നതോടെ സൊസൈറ്റിയുമായി ബന്ധപ്പെട്ടവര്‍ നിയമക്കുരുക്കിലാവുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തില്‍ അതീവരഹസ്യമായി മെര്‍ളി റോയി സൊസൈറ്റി ഭരണത്തില്‍ നിന്ന് തലയൂരുകയായിരുന്നു എന്നുവേണം  കരുതാന്‍. എന്തായാലും ഇവരുടെ രാജിയോടെ കാരുണ്യ ഹൃദയതാളം പദ്ധതി വീണ്ടും വിവാദങ്ങളിലേയക്ക് നീങ്ങുകയാണ്.

മംഗളം 22.05.2013


No comments: