പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, May 25, 2013

കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ സ്വകാര്യ കമ്പനി പൊതുകുളം കയ്യേറി


പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് കയ്യുത്തിയാല്‍ പ്രദേശത്ത് തവിടെണ്ണ നിര്‍മ്മാണ കമ്പനി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. 
ഒന്നര ഏക്കറോളം വരുന്ന പഞ്ചായത്ത് പൊതുകുളം (വലിയകുളം) കയ്യേറി കൃഷി ഭൂമിയിലാണ് സ്വകാര്യ വ്യക്തി കമ്പനിയ്ക്കായി കെട്ടിടം നിര്‍മ്മിയ്ക്കുന്നത്. പഞ്ചായത്തീരാജ് നിയമം അനുശാസിക്കുന്ന കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ പാലിക്കാതെ പഞ്ചായത്ത് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയതിന് പിന്നില്‍ വാര്‍ഡ് മെമ്പറുടേയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടേയും ഒത്തുകളിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ വലിയകുളം കയ്യേറി കമ്പനി ഉടമ നടത്തി വരുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവിടെ കമ്പനി സ്ഥാപിച്ചാല്‍ വലിയകുളം മലിനമാവുകയും കുളത്തില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന വലിയകുളം പാടം, അരിയപ്പാടം പുഞ്ച തുടങ്ങി പടശേഖരങ്ങളും പഞ്ചായത്തിലെ 12, 14, 16 വാര്‍ഡുകളിലെ ജനങ്ങളുടെ കുടിവെള്ള സ്രോതസുകളും മലിനമാകാന്‍ അധികനാള്‍ വേണ്ടി വരില്ലെന്ന് കര്‍മ്മ സമിതി മുന്നറിയിപ്പു നല്‍കി. 
വലിയകുളത്തില്‍ നിന്നാംരംഭിച്ച് പഞ്ചായത്തിലെ നാല് വാര്‍ഡുകളിലൂടെ ഒഴുകി പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പൂപ്പാനി തോട്ടില്‍ എത്തുന്ന ശുദ്ധജലത്തില്‍ കമ്പനിയില്‍ നിന്നുള്ള മാലിന്യം കലരുന്നത് വന്‍ പരിസ്ഥിതി നാശത്തിനും ശുദ്ധജല ക്ഷാമത്തിനും കാരണമാകും.
നൂറുകണക്കിന് കുടുംബാംഗങ്ങളെ ബാധിക്കുന്ന വിധം ശബ്ദ, വായു, ജല മലിനീകരണം സൃഷ്ടിക്കുന്നതും റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതുമായ വ്യവസായം ആരംഭിക്കുന്നതിന് വേണ്ടത്ര പഠനം നടത്താതെ അനുമതി നല്‍കിയ നടപടി കൂവപ്പടി പഞ്ചായത്ത് തുടര്‍ന്ന് വരുന്ന ജനവിരുദ്ധ നയങ്ങളുടെയും അഴിമതിയുടെയും ഉദാഹരണമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതിയുമായി സഹകരിച്ച് പഞ്ചായത്ത് മാര്‍ച്ചും ഉപരോധവും ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സമീപവാസികളായ പി.പി വറുഗീസ്, മനോജ് നമ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.

 മംഗളം 25.05.2013

No comments: