Saturday, May 4, 2013

അരക്കോടിയോളം കുഴല്‍പ്പണവുമായി പെരുമ്പാവൂരില്‍ രണ്ടു പേര്‍ പോലീസ് പിടിയില്‍

അല്‍ അമീന്‍


കുഞ്ഞുമുഹമ്മദ് 
പെരുമ്പാവൂര്‍: അരക്കോടിയോളം കുഴല്‍പ്പണവുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി.
പെരുമ്പാവൂര്‍ കണ്ടന്തറ കാരോത്തുകുടി കുഞ്ഞുമുഹമ്മദ് (40), കോയമ്പത്തൂര്‍ സെല്‍വ ഗ്രാമം സ്വദേശി സിക്കന്തറിന്റെ മകന്‍ അല്‍ അമീന്‍ (30) എന്നിവരെയാണ് റവന്യു ഇന്റലിജന്‍സ്, റൂറല്‍ എസ്.പി യുടെ സ്‌ക്വാഡ് എന്നിവരുടെ സഹകരണത്തോടെ പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ നിന്നായിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് 4409200 രൂപയും പിടിച്ചെടുത്തു.
ടൗണിലെ ചില ചില പ്ലൈവുഡ് വ്യവസായികള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതാണ് തുക. കോയമ്പത്തൂരില്‍ നിന്ന് അല്‍ അമീന്‍ ചെറിയ ബാഗില്‍ കൊണ്ടുവന്ന പണം കുഞ്ഞുമുഹമ്മദിന് കൈമാറുന്നതിനിടയിലായിരുന്നു അറസ്റ്റ്. വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പണം വ്യവസായികള്‍ക്ക് കൈമാറുന്ന ഏജന്റുമാരാണ് ഇരുവരും. ഇത്തരക്കാര്‍ക്ക് അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ പ്രതിഫലമായി ലഭിയ്ക്കും. 
ഏജന്റുമാര്‍ വഴി കോടിക്കണക്കിന് രൂപ പെരുമ്പാവൂര്‍ക്ക് ഒഴുകുന്നതായി റവന്യു ഇന്റലിജന്റ്‌സിന് മുന്‍പ് തന്നെ സൂചന ലഭിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് ബസ് സ്റ്റാന്റില്‍ മിന്നല്‍ പരിശോധന നടന്നത്. പ്രിന്‍സിപ്പല്‍ എസ്.ഐ സി.കെ ബിജോയ് ചന്ദ്രന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത തുക റവന്യു ഇന്റലിജന്റ്‌സിന് കൈമാറി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്ലൈവുഡ് വ്യവസായികളെ മുന്‍ നിര്‍ത്തി കുഴല്‍പ്പണം ഇടപാടുകള്‍ സംബന്ധിച്ച് ഊര്‍ജ്ജിതമായ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് പറയുന്നു.


മംഗളം 4.05.2013


No comments: