Tuesday, May 14, 2013

പീച്ചനാംമുകളില്‍ പ്ലൈവുഡ് കമ്പനിക്കെതിരെ കര്‍മ്മസമിതി; നേതൃത്വം നല്‍കിയ ആളുടെ വീടുകയറി ആക്രണം


പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിക്കെതിരെ കര്‍മ്മസമിതി രൂപീകരിയ്ക്കാന്‍ നേതൃത്വം നല്‍കിയ ആളുടെ വീടുകയറി ആക്രമിച്ചതായി പരാതി.
രായമംഗലം പഞ്ചായത്തിലെ പീച്ചനാംമുകള്‍ പടിയ്ക്കക്കുടി  പി.കെ മാത്യുവിന്റെ വീടാണ് ആക്രമിച്ചത്. കര്‍മ്മ സമിതി രൂപീകരണത്തിന് നേതൃത്വം നല്‍കിയതിന്റെ പേരിലായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി 10 ന്  ഒരു സംഘം അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഒച്ചവച്ചതിനാല്‍ മുന്‍വശത്തെ വാതിലുകള്‍ ചവിട്ടിപൊളിച്ച് അകത്തുകടക്കാനുള്ള ശ്രമം വിജയിച്ചില്ല. വീടിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തല്ലിതകര്‍ത്ത നിലയിലാണ്.
മാത്യുവിന്റെ വീട്ടില്‍ വച്ചാണ് കര്‍മ്മസമിതി രൂപീകരണയോഗം നടന്നത്. ഈ യോഗത്തില്‍ കര്‍മ്മസമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴിയോട് കയര്‍ത്ത് സംസാരിക്കാനും യോഗം അലങ്കോലപ്പെടുത്താനും പ്ലൈവുഡ് കമ്പനി ഉടമയുടെ സഹായികളായ ചിലര്‍ ശ്രമിച്ചിരുന്നതായി കര്‍മ്മ സമിതി ഭാരവാഹികള്‍ പറഞ്ഞു. യോഗം കഴിഞ്ഞതിനുശേഷം ഇവരുടെ നേതൃത്തിലാണ് അക്രമണം നടന്നത്.
കമ്പനിയുടമയുടെ പിന്‍ബലത്തില്‍ അക്രമം നടത്തിയ സംഭവത്തിനെതിരെ ഉടന്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്പനി ഉടമ അടക്കമുള്ള കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി ആവശ്യപ്പെട്ടു.
ലൈസന്‍സോ ആവശ്യമായ മറ്റ് അനുമതി പത്രങ്ങളോ ഇല്ലാതെ അനധികൃതമായി നടത്തുന്ന പുതിയ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂട്ടു നില്‍ക്കുകയാണെന്ന് കര്‍മ്മസമിതി ആരോപിച്ചു.
യോഗത്തില്‍ ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. സി.കെ പ്രസന്നന്‍, പി രാമചന്ദ്രന്‍, ടി.കെ പൗലോസ്, എന്‍.എ കുഞ്ഞപ്പന്‍, ഡി പൗലോസ്, എം.കെ ശശിധരന്‍പിള്ള, വി.എസ് ഷൈബു എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 14.05.2013

No comments: